വൈത്തിരി ഏറ്റുമുട്ടല്‍ കൊലപാതകം: മജിസ്റ്റീരിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു

Posted on: March 11, 2019 7:41 pm | Last updated: March 11, 2019 at 10:03 pm

തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറാണ് അന്വേഷിക്കുക. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ജലീല്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. കേസില്‍ നേരെത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം ഏറ്റുമുട്ടലുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്റ്റരീയല്‍ അന്വേഷണവും ആവശ്യമാണ്.

ജലീലിന്റെ മരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധയില്‍ കണ്ടെത്തി. തലക്ക് പിന്നിലും തോളിലുമായി പിന്നില്‍ നിന്നാണ് വെടിയേറ്റത്.