ശബരിമല തിരഞ്ഞെടുപ്പില്‍ വിഷയമാകും: കെ സുരേന്ദ്രന്‍

Posted on: March 11, 2019 6:08 pm | Last updated: March 11, 2019 at 7:42 pm

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍.

സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഏതു വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉയരും. ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കും. സുരേന്ദ്രന്‍ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടികാം റാം മീണ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്യുന്നത് ചട്ട ലംഘനമായി കാണും. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും വിഷയത്തെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതും ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.