Connect with us

Ongoing News

തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് ഫ്‌ളക്‌സ് അരുത്, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി നേരത്തെ തന്നെ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ഇതു നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന നടപടികള്‍ പ്രഖ്യാപിക്കുകയും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തങ്ങളുടെ ചെലവില്‍ തന്നെ ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

കോടതി ഉത്തരവനുസരിച്ച് അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ 2018 ഒക്ടോബര്‍ 30നു ശേഷം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടിയെടുക്കേണ്ടതുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിന് ഉത്തരവാദി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.