‘കുട്ടികള്‍ മണ്ണില്‍ കളിക്കട്ടെ’

Posted on: March 10, 2019 8:46 pm | Last updated: March 10, 2019 at 8:46 pm

അല്‍ ഐന്‍: കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക ബൗദ്ധിക വളര്‍ച്ചക്ക് ചെറിയ പ്രായത്തില്‍ തന്നെ വിവിധ വിഷയങ്ങളില്‍ ഇടപെട്ടുള്ള അനുഭവങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. അബ്ദുസ്സലാം ഓമശ്ശേരി അഭിപ്രായപ്പെട്ടു.

കൂടുതല്‍ നാഡിബന്ധങ്ങള്‍ ദൃഢമാകുന്ന ആറു വയസ്സിനു മുമ്പ് കുട്ടികള്‍ക്ക് പ്രകൃതിയോടിണങ്ങാന്‍ അവസരം നല്‍കേണ്ടതുണ്ട്. അത്തരം കുട്ടികള്‍ മികവുറ്റ കഴിവുള്ളവരായി മാറുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഐന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയിലെ കുട്ടികള്‍ക്കു നാടന്‍ പന്തുകളിയോ മണ്ണപ്പം ചുട്ടു കളിക്കുന്നതോ പരിചയമില്ല. കുട്ടികളെ അടക്കിയിരുത്താന്‍ വേണ്ടി മൊബൈല്‍ ഗെയിം കളിക്കാനും കാര്‍ട്ടൂണ്‍ കാണാനും അനുവദിക്കുകയാണു പുതുതലമുറ മാതാപിതാക്കള്‍ ചെയ്യുന്നത്. ഇതു നല്ല ശീലമല്ല. താല്‍കാലികമായി കുട്ടികള്‍ അടങ്ങിയിരിക്കാന്‍ വേണ്ടി മെബൈല്‍ നല്‍കുകയും മണിക്കൂറുകളോളം ടിവി കാണാന്‍ അനുവദിക്കുകയും ചെയ്യുന്നതു കുട്ടികളെ ദോഷകരമായി ബാധിക്കും. ഇങ്ങനെ ടിവിക്കോ മൊബൈലിനോ മുന്നില്‍ ചടഞ്ഞു കൂടുന്നത് അമിതവണ്ണം, ഉറക്കമില്ലായ്മ, സ്വഭാവത്തിലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയുണ്ടാക്കും. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ടിവി കാണുന്ന മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം ടി അബ്ദുല്ല മുസ്ലിയാര്‍, സഹീദ് ഫാളിലി, മജീദ് സഖാഫി അണ്ടോണ, ഇക്ബാല്‍ താമരശ്ശേരി, അശ്‌റഫ് കുന്നുകുളീ തുടങ്ങിയവര്‍ പങ്കെടുത്തു.