Connect with us

Gulf

ദുബൈ മെട്രോ എക്‌സ്‌പോ റൂട്ട് 2020 ഫെബ്രുവരിയില്‍

Published

|

Last Updated

ദുബൈ: ദുബൈ മെട്രോ എക്‌സ്‌പോ 2020 റൂട്ട് നിര്‍മാണ പുരോഗതിയുടെ വീഡിയോ ആര്‍ ടി എ പുറത്തിറക്കി. നിര്‍മാണം 70 ശതമാനം പിന്നിട്ടതായി ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. ചുകപ്പ് പാതയിലെ നഖീല്‍ ഹാര്‍ബര്‍ ടവര്‍ സ്റ്റേഷനില്‍ നിന്നാണ് “ഗ്രാന്‍ഡ് മെട്രോ 2020” തുടങ്ങുന്നത്. 15 കിലോമീറ്റര്‍ പാതയില്‍ 11.8 കിലോമീറ്റര്‍ തറനിരപ്പില്‍ നിന്ന് ഉയരത്തിലുള്ളതും 3.2 കിലോമീറ്റര്‍ ഭൂഗര്‍ഭ പതയുമാണ്. റെയില്‍ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. സ്റ്റേഷന്‍ നിര്‍മാണം 60 ശതമാനത്തിലെത്തി. 50 ട്രെയിനുകള്‍ ഈ റൂട്ടിലേക്കായി പുതുതായി വാങ്ങിയിട്ടുണ്ട്.

വേള്‍ഡ് എക്‌സ്‌പോക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലെ മുഖ്യ പദ്ധതിയാണ് എക്‌സ്‌പോ റൂട്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാതയായിരിക്കുമിത്. പ്രധാന സ്റ്റേഷനുകള്‍ ബഹുനിലയില്‍ ആയിരിക്കും. ഇരു വശങ്ങളിലും നടപ്പാത ഉണ്ടാകും. എക്‌സ്‌പോ മാള്‍, എക്‌സ്‌പോ വില്ലേജ് തുടങ്ങിയവയെ പാത ബന്ധിപ്പിക്കും. എക്‌സ്‌പോ സ്റ്റേഷനില്‍ പ്രതി ദിനം 5.2 ലക്ഷം യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ദിശയിലേക്ക് 2.9 ലക്ഷം യാത്രക്കാര്‍ ഉണ്ടാകും. ഈ സ്റ്റേഷന്‍ നിര്‍മാണ പുരോഗതി മതര്‍ അല്‍ തായര്‍ പ്രത്യേകം വിലയിരുത്തി.

വിമാനം ചിറകു വിരിച്ചു നില്‍ക്കുന്നത് പോലെയുള്ള രൂപകല്പനയാണ് ഇവിടെ. മെറ്റല്‍ ഘടനയുടെ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഫര്‍ജാന്‍ സ്റ്റേഷന്റെ ബാഹ്യ ആവരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ശൈഖ് സായിദ് റോഡില്‍ ചുകപ്പ് പാതയില്‍ നിന്ന് എക്‌സ്‌പോയിലേക്കു വഴി തിരിയുന്ന ഭാഗം അതീവ ജാഗ്രതയോടെയാണ് നിര്‍മിക്കുന്നത്. 2019 മെയില്‍ റെയില്‍ നിര്‍മാണം പൂര്‍ത്തിയാകും. 2020 ഫെബ്രുവരിയില്‍ പരീക്ഷണയോട്ടം തുടങ്ങും.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest