Connect with us

Alappuzha

അടച്ചുപൂട്ടിയ മൂന്ന് എൻജിനീയറിംഗ് കോളജ് തുറക്കാൻ അനുമതി

Published

|

Last Updated

ട്രാവൻകൂർ എൻജിനീയറിംഗ് കോളജ് ഓയൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ മൂന്ന് സ്വാശ്രയ എൻജിനീയറിംഗ് കോളജുകൾ തുറന്നു പ്രവർത്തിക്കാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് യോഗം അനുമതി നൽകി. പുതിയ കോളജുകൾ എന്ന നിലയിൽ അഫിലിയേഷൻ പൂർത്തിയാക്കിയ ശേഷമേ തുറക്കാവൂ എന്ന നിബന്ധനയോടെ ട്രാവൻകൂർ എൻജിനീയറിംഗ് കോളജ് ഓയൂർ, പി എ അസീസ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം, കെ വി എം എൻജിനീയറിംഗ് കോളജ് ചേർത്തല എന്നീ കോളജുകൾക്കാണ് അനുമതി നൽകിയത്.

കോളജ് അധികൃതരുടെ അപേക്ഷയിലായിരുന്നു നടപടി. എന്നാൽ തുടർനടപടികളുടെ ഭാഗമായി കോളജുകളുടെ അടിസ്ഥാന സൗകര്യവും അധ്യാപകരുൾപ്പെടെയുള്ള അക്കാദമിക സൗകര്യങ്ങളും സിൻഡിക്കേറ്റ് നിയോഗിച്ച നാലംഗ ഉപസമിതി പരിശോധിച്ച് വിലയിരുത്തും. അതേസമയം നിലവിൽ പ്രവർത്തിച്ചുവരുന്ന രണ്ട് സ്വാശ്രയ എൻജിനീയറിംഗ് കോളജ് അടച്ചുപൂട്ടാൻ അനുമതി തേടിയുള്ള അപേക്ഷ യോഗം പരിഗണിച്ചില്ല.
എന്നാൽ ഈ വർഷം പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതിന് കോളജുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ബാച്ചിലർ ഓഫ് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് തുടങ്ങിയ ഏതുതരം കോഴ്‌സും ആരംഭിക്കാനുള്ള അപേക്ഷ കോളജുകളിൽ നിന്ന് സ്വീകരിക്കാനാണ് തീരുമാനം.

സർവകലാശാലാ ബജറ്റും സിൻഡിക്കേറ്റ് യോഗം പാസാക്കി. ഡിപ്പാർട്ട്മെന്റുകൾ തുടങ്ങുന്നതിന് മുന്നോടിയായി ഈ വർഷം പുതിയ സെന്ററുകൾ അനുവദിക്കുമെന്ന് ബജറ്റിൽ പറയുന്നുണ്ട്. ഹൈക്കോടതിയിൽ സർവകലാശാലയുടെ സ്റ്റാൻഡിംഗ് കോൺസലായി എൽവിൻ പീറ്ററിനെ നിയമിക്കാനും കാലാവധി പൂർത്തിയായി വിരമിച്ച പരീക്ഷാ കൺട്രോളർ ഡോ. എസ് ഷാബുവിന് പകരം റിസർച്ച് ഡീൻ ഡോ. വൃന്ദ വി നായർക്ക് പരീക്ഷാ കൺട്രോ ളറുടെ ചുമതല നൽകാനും യോഗം തീരുമാനിച്ചു.

Latest