Connect with us

Kerala

പരീക്ഷണത്തിനില്ല; കരുത്തരെ ഇറക്കി എൽ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: ജയസാധ്യതയെന്ന ഒറ്റപരിഗണനയിൽ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ചപ്പോൾ ഇടത് മുന്നണി ഗോദയിൽ ഇറക്കുന്നത് കരുത്തരുടെ നിര. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം പോലും കരുതലോടെ മാത്രം. മുമ്പ് ജയിച്ചവരല്ലാതെ ഒരാൾ പോലും സ്ഥാനാർഥി പട്ടികയിലില്ല. വി പി സാനു ഒഴികെയുള്ളവർ ഏതെങ്കിലും പാർലിമെന്ററി പദവികൾ വഹിക്കുന്നവരോ നേരത്തേ വഹിച്ചവരോ ആണ്.

ആറ് സിറ്റിംഗ് എം എൽ എമാർ, അത്ര തന്നെ എം പിമാർ, രണ്ട് വനിതകൾ, ശേഷിക്കുന്നവർ പാർട്ടിയിലും ജനങ്ങൾക്കിടയിലും നല്ല സ്വാധീനമുള്ളവർ ഇങ്ങനെയാണ് എൽ ഡി എഫ് സ്ഥാനാർഥി പട്ടികയുള്ളത്. ലോക്‌സഭയിൽ പാർട്ടി പ്രതിനിധികളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യമാണ് സ്ഥാനാർഥി പട്ടികയിൽ പ്രതിഫലിച്ചത്. ബംഗാളിലും ത്രിപുരയിലും പ്രതീക്ഷ നഷ്ടപ്പെട്ട സി പി എമ്മിന് ഇനി കേരളം മാത്രമാണ് തുരുത്ത്. ദേശീയ പാർട്ടിയെന്ന പദവി നിലനിർത്താൻ ഇവിടെ മികച്ച വിജയം അനിവാര്യം. സി പി ഐയുടെ സ്ഥിതിയും ഇത് തന്നെ. എം എൽ എമാരെ കൂട്ടത്തോടെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ അടിസ്ഥാനകാരണമിതാണ്.

രണ്ട് ഊഴം കഴിഞ്ഞാൽ സിറ്റിംഗ് എം പിമാരെ മാറ്റുകയെന്നതായിരുന്നു സി പി എമ്മിലെ രീതി. തുടർച്ചയായി മൂന്ന് ഊഴം എന്ന മാനദണ്ഡം വെച്ച് കാസർകോട്ടെ പി കരുണാകരനെ മാറ്റി. മൂന്ന് തവണ ആയെങ്കിലും തുടർച്ചയായി ലോക്‌സഭയിലെത്തിയില്ലെന്ന പരിഗണനയിൽ എ സമ്പത്തിന് ഇളവ് നൽകി. ആറ്റിങ്ങൽ നിലനിർത്താൻ സമ്പത്ത് അനിവാര്യമാണെന്ന വിലയിരുത്തലിലായിരുന്നു ഈ തീരുമാനം. രണ്ട് ഊഴം പിന്നിട്ട പി കെ ബിജു (ആലത്തൂർ), എം ബി രാജേഷ് (പാലക്കാട്) എന്നിവരെയും മാറ്റാൻ മുതിർന്നില്ല. ഇരുവർക്കും മണ്ഡലങ്ങളിലുള്ള സ്വാധീനവും നല്ല പരിവേഷവും മറ്റുപേരുകളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിപ്പിച്ചു.

കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റിനെ ഇക്കുറി പാർട്ടി ചിഹ്നത്തിലാണ് ഇറക്കുന്നത്. ഇന്നസെന്റിനെതിരെ ഉയർന്ന പ്രാദേശിക എതിർപ്പ് മറികടക്കുന്നതിനൊപ്പം ദേശീയ പദവി നിലനിർത്താൻ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ വേണമെന്ന നിബന്ധനയാണ് ഈ നീക്കത്തിന് പിന്നിൽ. കോഴിക്കോട് പിടിക്കാൻ ഒരു ജനകീയൻ വേണമെന്ന വിലയിരുത്തലാണ് എ പ്രദീപ്കുമാറിലേക്ക് കാര്യങ്ങൾ നീക്കിയത്. പത്തനംതിട്ടയിൽ വീണാജോർജിനെ നിർത്തുന്നതിലൂടെ ക്രൈസ്തവ സഭകളുടെ പിന്തുണ ലക്ഷ്യമിടുന്നു. ശബരിമല പ്രശ്‌നത്തിൽ ഹൈന്ദവ വോട്ടുകൾ എതിരായാലും ആ തിരിച്ചടി മറികടക്കാൻ ഇതിലൂടെ കഴിയുമെന്നാണ് കണക്ക് കൂട്ടൽ.
വടകര പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പി ജയരാജനെ ഇറക്കുന്നത്. അണികളിൽ ജയരാജനുള്ള സ്വാധീനം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സജീവമാക്കുമെന്ന് പാർട്ടി കണക്ക് കൂട്ടുന്നു. കൊലപാതക രാഷ്ട്രീയം എന്ന യു ഡി എഫ്, ബി ജെ പി പ്രചാരണം തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകില്ലെന്ന സി പി എമ്മിന്റെ ആത്മവിശ്വാസം കൂടിയാണ് ജയരാജന്റെ സ്ഥാനാർഥിത്വം. എറണാകുളത്തെ പി രാജീവിന്റെ സാന്നിധ്യവും ആലോചിച്ച് ഉറപ്പിച്ചാണ്. ക്രൈസ്തവ വിഭാഗത്തിൽ നിന്നല്ലാത്ത ഒരാളെ നിർത്തിയുള്ള പരീക്ഷണം കൂടിയാണിത്. കെ സി വേണുഗോപാലിനെ നേരിടാൻ പ്രാപ്തനായൊരാൾ എന്ന നിലയിലാണ് എ എം ആരിഫിനെ ഇറക്കിയത്.

ഇത്തവണ സ്വതന്ത്രർ രണ്ട് പേരെയുള്ളൂ. പൊന്നാനിയിലും ഇടുക്കിയിലും. സിറ്റിംഗ് എം പി ജോയ്‌സ് ജോർജിന് തന്നെയാണ് ഇടുക്കിയിൽ വീണ്ടും അവസരം നൽകിയത്. നിലമ്പൂരിൽ വിജയിച്ച പി വി അൻവറിന് പൊന്നാനിയിലും അവസരം നൽകി.
സി പി ഐയുടെ സ്ഥിതിയും വിഭിന്നമല്ല. തിരുവനന്തപുരത്തും മാവേലിക്കരയിലും മത്സരിക്കുന്നത് സിറ്റിംഗ് എം എൽ എമാർ. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ച സി പി ഐ ഏറെ പഴികേട്ടതാണ്. അത്തരം വിവാദങ്ങളോ തർക്കമോ ഇല്ലാതെ ഇക്കുറി സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനെ നേരിടാൻ നിയോഗിച്ചിരിക്കുന്നത് ചിറ്റയം ഗോപകുമാറിനെ. തൃശൂരിൽ സിറ്റിംഗ് എം പിയെ മാറ്റിയെങ്കിലും മുമ്പ് നിയമസഭാംഗമായിരുന്ന രാജാജി മാത്യു തോമസിനെ ഇറക്കി.

---- facebook comment plugin here -----

Latest