Connect with us

Kerala

രാജ്യത്ത് ആർ എസ് എസിന്റെ വളർച്ച താഴോട്ട്

Published

|

Last Updated

പാലക്കാട്: രാജ്യത്ത് ആർ എസ് എസിന്റെ വളർച്ചാ നിരക്ക് കുറഞ്ഞ് വരുന്നതിൽ ആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സമ്മേളനം ആശങ്ക രേഖപ്പെടുത്തി. 2004ൽ 60000 ൽപ്പരം ശാഖകളാണ് രാജ്യത്തുണ്ടായിരുന്നത്. കേന്ദ്രത്തിൽ ബി ജെ പി അധികാരത്തിൽ വന്നതിന് ശേഷം ശാഖകളുടെ എണ്ണം കുറയുകയല്ലാതെ കൂടുന്നില്ലെന്നാണ് യോഗത്തിൽ വിമർശം ഉയർന്നത്. 2019 മാർച്ചിലെ ആദ്യ കണക്ക് പ്രകാരം രാജ്യത്ത് 37,011 സ്ഥലങ്ങളിലായി 59,266 ശാഖകളാണ് പ്രവർത്തിക്കുന്നത്. 2018ൽ 37,190 സ്ഥലങ്ങളിലായി 58, 967 ശാഖകൾ പ്രവർത്തിക്കുന്നതായി വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
2017ൽ 36,729 സ്ഥലങ്ങളിലായി 57,165ശാഖകൾ പ്രവർത്തിച്ചിരുന്നു. 2018ൽ 1802 ശാഖകളുടെ വർധനവ് ഒഴിച്ചാൽ ആർ എസ് എസിന്റെ വളർച്ച താഴോട്ട് പോകുകയാണെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പും നൽകുന്നുണ്ട്. ജാതീയമായ രാഷ്ടീയ സംഘടനകളുടെ വരവാണ് ആർ എസ് എസിന്റെ തകർച്ചക്ക് ആക്കം കൂട്ടിയതെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

അയോധ്യക്ക് പകരം ശബരിമല വിഷയം ഉയർത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിനിധിസമ്മേളനം തീരുമാനമെടുത്തു. ആർ എസ് എസിന്റെ നയ രൂപവത്ക്കരണത്തിനും തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള രൂപ രേഖ തയ്യാറാക്കുന്ന അഖില ഭാരതീയ പ്രതിനിധി സമ്മേളനത്തിലാണ് അയോധ്യ പ്രശ്‌നം പരാമർശിക്കാതെ ശബരിമല വിഷയത്തിൽ മാത്രം ഊന്നൽ നൽകി കേരള സർക്കാറിന്റെ നിലപാടിനെതിരെ പ്രമേയം പാസാക്കിയത്. അധ്യക്ഷൻ മോഹൻ ഭഗവതിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ചേർന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിലാണ് മുഖ്യ അജൻഡയായി ശബരിമല വിഷയം ഉയർത്തി കാണിച്ചത്.
ശബരി മല സ്ത്രീ പ്രവേശത്തിലെ പ്രായ പരിധി പഴക്കമുള്ള ആചാരമാണെന്നും സുപ്രീം കോടതി വിധിയുടെ മറവിൽ ഹിന്ദു വിശ്വാസികൾക്കിടയിലെ ആചാരങ്ങളുടെ മേൽ കടന്ന് കയറാൻ ശ്രമിക്കുകയാണെന്നും സമ്മേളനം വിലയിരുത്തിയത്.
കേരളത്തിൽ സ്ഥാനാർഥി നിർണയത്തിൽ ആർ എസ് എസിന്റെ നിയന്ത്രണത്തിനെതിരെ ബി ജെ പിക്കുള്ളിൽ പ്രതിഷേധം ഉയരുമ്പോഴാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള തിരഞ്ഞെടുപ്പിൽ ശബരിമല രാഷ്ട്രീയ വിഷയമാക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിറകെയാണ് ആർ എസ് എസിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

കേരളത്തിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 1400 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ശബരിമല പ്രശ്നം ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ് വേദനിപ്പിക്കുകയാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കാൻ ആർ എസ് എസിനാവില്ലെന്നും സമ്മേളനം വ്യക്തമാക്കി.