Connect with us

Gulf

പ്രവാസി പുനരധിവാസ പദ്ധതി; ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

ദുബൈ: നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനഃരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബേങ്കുമായും കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായും നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാ പത്രം കൈമാറിയത്.
കേരളത്തില്‍ 800 ഓളം ശാഖകളുള്ള ഫെഡറല്‍ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചതോടെ 10 ഓളം ധനകാര്യ സ്ഥാപനങ്ങളുടെ 4000ല്‍ പരം ശാഖകളിലൂടെ പുനരധിവാസ പദ്ധതിയുടെ വായ്പാ സേവനം പ്രവാസികള്‍ക്ക് ലഭ്യമാകും.

തിരുവനന്തപുരം ആസ്ഥാനമായുളള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 16 ശാഖകളും കോഴിക്കോട,് എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ വ്യാവസായിക സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ പ്രമുഖ സ്ഥാനമാണ് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുളളത്. ഫെഡറല്‍ ബേങ്കിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളിലൂടെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ശാഖകളിലൂടെയും പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും.

നിലവില്‍ നോര്‍ക്ക റൂട്ട്‌സ് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബേങ്ക്, സൗത്ത് ഇന്ത്യന്‍ ബേങ്ക്, ബേങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബേങ്ക്, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്ക് (ഗടഇഅഞഉആ) മുഖാന്തിരം വായ്പ അനുവദിക്കുന്നുണ്ട്.

നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് പദ്ധതിരേഖ തയാറാക്കുന്നതിനും വിദഗ്ധ പരിശീലനം നല്‍കുന്നതിനും നോര്‍ക്ക റൂട്ട്‌സ് സഹായിക്കും.

Latest