Connect with us

Gulf

വിദ്യാര്‍ഥികളെ, നിങ്ങള്‍ പരിക്ഷീണിതരാകേണ്ട

Published

|

Last Updated

വിദ്യാര്‍ഥികള്‍ക്കിതു പരീക്ഷക്കാലം. നാട്ടിലെന്നപോലെ, ഗള്‍ഫിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ഭയപ്പാടോടെ കഴിയുന്ന സമയം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമോ എന്ന ചോദ്യം സ്വാഭാവികം. അതെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രം. അനുഭവത്തിന്റെ, മുന്‍കാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. പരീക്ഷയെപ്പേടിച്ചു, മറ്റു ദേശക്കാര്‍ ആരും കടുംകൈ ചെയ്യാറില്ല. മറ്റു ദേശക്കാര്‍, സ്വദേശികള്‍ ആത്മ വിശ്വാസത്തോടെയും സന്തോഷത്തോടെയും ആണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. അവര്‍ക്കു ദുരഭിമാനമില്ല. അവരുടെ വിദ്യാലയങ്ങളില്‍, “നൂറ് ശതമാനം വിജയം” എന്ന സമ്മര്‍ദമില്ല. കുട്ടികളുടെ അഭിരുചിക്കും സാമൂഹിക ഉന്നമനത്തിനും ആണ് പാഠ്യപദ്ധതിയില്‍ മുന്‍തൂക്കം. അതുകൊണ്ട് തന്നെ എടുത്താല്‍ പൊങ്ങാത്ത ചിന്താഭാരവുമായല്ല പരീക്ഷാ ഹാളിലേക്ക് പോകുന്നത്. സാധാരണ ദിവസം പോലെ വിദ്യാലയത്തില്‍ പോകുന്നു. പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങുന്നു. ഏത് വിഷയത്തിലാണോ കുട്ടിക്ക് താത്പര്യമെന്ന് അറിയാനുള്ള ഉപാധി മാത്രമാണ് പരീക്ഷ. ഉയര്‍ന്ന തലത്തില്‍ ഏത് വിഷയം സ്വീകരിക്കണമെന്ന് കുട്ടി തന്നെ തീര്‍ച്ചപ്പെടുത്തുന്നു. തല്ലിപ്പഴുപ്പിച്ചു ആരും ആരെയും ഡോക്ടറോ എഞ്ചിനീയറോ ആക്കുന്നില്ല. ചില കുട്ടികള്‍ക്ക് പഠന വൈകല്യം ഉണ്ടാകും. അതിന് കൗണ്‍സിലിംഗ് നല്‍കാന്‍ സ്‌കൂളില്‍ തന്നെ സംവിധാനങ്ങളുണ്ട്. ഇന്ത്യന്‍ വിദ്യാലയങ്ങള്‍ മറിച്ചാണ്. ഈയിടെ, ദുബൈയില്‍ ഇന്ത്യന്‍ വിദ്യാലയത്തില്‍ എല്‍ കെ ജി യില്‍ “പഠിക്കുന്ന”കുട്ടിയുടെ രക്ഷിതാവ് നേരിട്ട അപമാനം സമൂഹ മാധ്യമത്തില്‍ കണ്ടു. ഇംഗ്ലീഷ് അക്ഷരമാല, എ ടു സെഡ് വരെ, ചെറിയ അക്ഷരത്തിലും വലിയ അക്ഷരത്തിലും കുട്ടി എഴുതിയില്ലെങ്കില്‍, യു കെ ജി യിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് സ്‌കൂള്‍ അധികാരികളുടെ അറിയിപ്പ്. രക്ഷിതാവ് അന്തം വിട്ടു. അന്വേഷിച്ചപ്പോള്‍ കുട്ടികളെ ഇത്തരം നരക വാരിധിയില്‍ നിന്ന് കരകയറ്റാനുള്ള കൗണ്‍സിലിംഗ് സംവിധാനം ആ വിദ്യാലയത്തിലില്ല. രക്ഷിതാവ് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് പരാതി നല്‍കി. ആ വിദ്യാലയത്തില്‍ ഇപ്പോള്‍ നാല് കൗണ്‌സിലര്‍മാര്‍. ആ കൊച്ചു കുഞ്ഞും രക്ഷിതാക്കളും രക്ഷപ്പെട്ടു. മറ്റു കുട്ടികള്‍ക്കും ആശ്വാസം ആയിരിക്കണം. പഠന വൈകല്യങ്ങള്‍ ഗുരുതരമായ പ്രശ്‌നമല്ല. ഏതെങ്കിലും വിഷയത്തില്‍ മാത്രമായിരിക്കും മിക്ക കുട്ടികള്‍ക്കും ആധി. അതിന്റെ അടിസ്ഥാന കാരണം അന്വേഷിച്ചു കണ്ടുപിടിച്ചാല്‍ പരിഹാരം എളുപ്പമായി. ഇക്കാലത്തു ശാസ്ത്രീയമായ എന്തെല്ലാം വഴികള്‍.
പരീക്ഷാപ്പേടി മൂലം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കൂ. മിക്കവരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ വിദ്യാലയങ്ങള്‍ എന്ന പോലെ ധാരാളം പാകിസ്ഥാന്‍, ബ്രിട്ടീഷ് വിദ്യാലയങ്ങള്‍ ഗള്‍ഫിലുണ്ട്. പരീക്ഷയെപ്പേടിച്ചു അവിടങ്ങളില്‍ ആത്മഹത്യ നടന്നിട്ടില്ല. പൗരന്മാരുടെ സന്തോഷ സൂചിക, കൂടുതല്‍ ഉള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏഴ് വയസു വരെ അക്ഷരങ്ങളോ അക്കങ്ങളോ പഠിപ്പിക്കുന്നില്ലത്രെ. അവിടങ്ങളിലാണ് വലിയ ശാസ്ത്രജ്ഞന്മാരും ചിന്തകരും ഉരുത്തിരിയുന്നത്. ഏഴു വയസു വരെ പ്രകൃതി ഭംഗിയില്‍ അഭിരമിപ്പിക്കുക, ചിത്രം വരപ്പിക്കുക എന്നൊക്കെയാണ് പാഠങ്ങള്‍. അവര്‍, അങ്ങിനെ നൈസര്‍ഗിക ശേഷിക്കു മൂര്‍ച്ച കൂട്ടുന്നു. അബോധ മനസ്സില്‍ അധ്യാപകരോട് കുട്ടികള്‍ക്ക് വെറുപ്പ് സൃഷ്ടിക്കുന്ന സമീപനമേയില്ല. ഇന്ത്യന്‍ ശിക്ഷണ രീതിയെക്കുറിച്ചു പുനരാലോചന നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒരടി മുന്നോട്ടെങ്കില്‍ രണ്ടടി പിന്നോട്ട്. അന്യരെ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന പഴയ കാലത്തെ വീര സാഹസിക കഥകള്‍ വിദ്യാലയ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനുഷ്യരെ പ്രാചീന കാലത്തേക്ക് കൊണ്ടുപോകാന്‍ അധികാരികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന കാലമാണ്. അതിന്റെ തുടര്‍ച്ചയിലാണ് ഗള്‍ഫിലെ ഇന്ത്യന്‍ വിദ്യാലയ നടത്തിപ്പുകാര്‍ അഭിരമിക്കുന്നത്. ഒന്നിനെയും ചോദ്യം ചെയ്യാതെ വളരുന്ന, ആത്മ സംഘര്‍ഷങ്ങളെ നാല് ചുവരുകളില്‍ തളച്ചിടുന്ന കുട്ടികള്‍ നാളെ എന്താകുമെന്ന് പറയുക വയ്യ. വിശാലമായ അന്തരീക്ഷമുള്ള നാട്ടില്‍ പോലും കുട്ടികള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഗള്‍ഫില്‍ മിക്കപ്പോഴും അടച്ചിട്ട മുറിയില്‍ ഒതുങ്ങുന്ന കുട്ടികള്‍ സമൂഹത്തെയാകെ ഭയപ്പെടുന്നു. സൈബര്‍ ലോകത്തെ അനാശാസ്യ പ്രവണതയുടെ ചതിക്കുഴിയില്‍ വീണു പോയിട്ടുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട.
ചില സാമൂഹിക സംഘടനകള്‍ കുട്ടികള്‍ക്ക് “ഹെല്‍പ് ലൈന്‍ “തുടങ്ങിയിട്ടുണ്ട്. അത് അല്‍പം ആശ്വാസകരമാണ്. പരീക്ഷാപ്പേടി ഉണ്ടെങ്കില്‍ ഫോ ണ്‍ വഴി സഹായം തേടാം. എന്നാലും അതൊരു ശാശ്വത പരിഹാരമല്ല. സമൂഹത്തിന്റെ ധാരണകള്‍ മാറിയാലേ കാര്യമുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ കുട്ടികള്‍ എന്തിന് ജീവനൊടുക്കി എന്ന് കാര്യമായി അന്വേഷിക്കണം. പാഠ്യപദ്ധതിയുടെ ഭാരം കുറക്കാന്‍ ഭരണകൂടങ്ങളില്‍ സമ്മര്‍ദം ചെലുത്തണം. മക്കള്‍ ഭാവിയില്‍ എന്താകണമെന്നു ആഗ്രഹം പ്രകടിപ്പിക്കാമെങ്കിലും അവര്‍ക്കു അത് താങ്ങുന്നതാണോയെന്നു ഓരോ രക്ഷിതാവും ആലോചിക്കണം. മൂല്യബോധം “വളര്‍ത്തുദോഷ”ത്തിനു ബദലാകണം. പരീക്ഷ എന്നത് സ്വയം കണ്ടെത്താനുള്ള വഴി മാത്രമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഒന്നോ രണ്ടോ വിഷയത്തില്‍ തോറ്റാല്‍ മാനം ഇടിഞ്ഞു വീഴില്ലെന്നു ശരാശരി വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ ആശ്വസിപ്പിക്കണം. വിദ്യാലയത്തിന്റെ സല്‍പേര് കുട്ടികളെ കുരുതികൊടുത്തിട്ടു വേണ്ടെന്നു വിദ്യാലയ നടത്തിപ്പുകാര്‍ കരുതണം. മൂല്യവത്തായ ജീവിതമാണ് ഏറ്റവും പ്രധാനം. വിഷാദ രോഗം, കുറ്റകൃത്യ വാസന എന്നിവയില്ലെങ്കില്‍ കുട്ടികള്‍ പകുതി വിജയിച്ചു. അവര്‍ക്ക് ഏതെങ്കിലും മേഖലയില്‍ ശോഭനമായ ഭാവിയുണ്ട്. ഇക്കാലത്തു ഡോക്ടര്‍മാരെല്ലാം ഐ എ എസ് ആഗ്രഹിക്കുന്നത് പോലെ, നാളത്തെ സാമൂഹിക പദവിയുടെ ഔന്നിത്യം എന്തിലെന്നു പ്രവചിക്കാന്‍ പറ്റില്ല. അടിസ്ഥാനപരമായി സ്‌നേഹ ബഹുമാനങ്ങള്‍ ഉള്ള മനുഷ്യനായി മാറുക എന്നതാണ് പ്രധാനം. അതിനുള്ള പരിശീലന കേന്ദ്രങ്ങളാകണം വിദ്യാലയങ്ങള്‍. വിശേഷിച്ചു ഗള്‍ഫിലെ വിദ്യാലയങ്ങള്‍. എന്തുകൊണ്ടെന്നാല്‍ ഇവിടെയുള്ള രക്ഷിതാക്കള്‍ പല വിധ സമ്മര്‍ദങ്ങളാല്‍ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്തവരാണ്.

---- facebook comment plugin here -----

Latest