ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കുന്നു ; സൈനിക തൊപ്പിയണിഞ്ഞ് കളിച്ച ഇന്ത്യക്കെതിരെ നടപടി വേണം: പാക്കിസ്ഥാന്‍

Posted on: March 9, 2019 7:42 pm | Last updated: March 9, 2019 at 7:42 pm

കറാച്ചി: സൈനികരുടെ തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിനെ അനാവശ്യമായി രാഷട്രീയവത്ക്കരിക്കുകയാണെന്ന് പാക്കിസ്ഥാന്‍.ഇക്കാര്യത്തില്‍ ഐസിസി ഇന്ത്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സൈനിക്കത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു ഇത്. അതേസമയം മല്‍സരത്തില്‍ ഇന്ത്യ 32 റണ്‍സിനു തോറ്റിരുന്നു.പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ രംഗത്തു വന്നില്ലെങ്കിലും പോലും ഐസിസി സ്വമേധയാ നടപടിയെടുക്കേണ്ട ഗൗരവമാര്‍ന്ന വിഷയമാണിതെന്നും ഖുറേഷിയെ ഉദ്ധരിച്ച് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പാക്ക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയും ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിനെ ആരും തടയുന്നില്ലെങ്കില്‍ കശ്മീരിലെ ഇന്ത്യന്‍ ക്രൂരതകള്‍ ലോകത്തെ അറിയിക്കാന്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളും കളത്തിലിറങ്ങണമെന്ന് ചൗധരി ട്വീറ്റ് ചെയ്്തു.