Connect with us

Editorial

മാവോയിസ്റ്റ് ഏറ്റുമുട്ടൽ എന്നും വിവാദത്തിൽ

Published

|

Last Updated

കേരളത്തിൽ നടന്ന പോലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ മരണങ്ങളെല്ലാം വിവാദത്തിലായിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽ നക്‌സൽ നേതാവ് വർഗീസ് വെടിയേറ്റു മരിച്ചപ്പോഴും 2016ൽ നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും പോലീസ് വെടിയേറ്റു മരിച്ചപ്പോഴും തർക്കം ഉടലെടുത്തു. തീവ്രവാദികളാണ് ആദ്യം വെടിവെച്ചതെന്നും ആത്മരക്ഷാർഥം പോലീസ് തിരിച്ചു വെടിവെച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ഔദ്യോഗിക ഭാഷ്യം. അവരെ പോലീസ് ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയാണുണ്ടായതെന്നാണ് വിപ്ലവ സംഘടനകളുടെ ആരോപണം. നക്‌സൽ വർഗീസ് മരിച്ചത് ഏറ്റുമുട്ടലിലല്ല, പോലീസ് പിടികൂടിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രസ്തുത ഓപറേഷനിൽ പങ്കെടുത്ത പോലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ പിന്നീട് വെളിപ്പെടുത്തുകയും കൊലക്ക് ഉത്തരവ് നൽകിയ അന്നത്തെ ഐ ജിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മരണത്തിലും വിവാദം കൊഴുക്കുകയാണ്. മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞു റിസോർട്ടിലെത്തിയ പോലീസിനു നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തത്. ആത്മരക്ഷാർഥം നിർബന്ധിതാവസ്ഥയിലാണ് പോലീസ് തിരിച്ചു വെടിവെച്ചതെന്നാണ് കണ്ണൂർ റേഞ്ച് ഐ ജി ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളെ അറിയിച്ചത്. റിസോർട്ടിൽ മാവോയിസ്റ്റ് സംഘമെത്തിയ വിവരം സൈബർ സെൽ നിരീക്ഷണത്തിനിടെയാണ് പോലീസറിഞ്ഞത്്. അതേസമയം ജലീലിന്റെത് ആസൂത്രിത കൊലപാതകമാണെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി പി റഷീദും ബന്ധുക്കളും പരാതിപ്പെടുന്നു. റിസോർട്ട് ജീവനക്കാരുടേതായി പുറത്തു വന്ന വെളിപ്പെടുത്തലുകൾ ഇതിന് ബലമേകുന്നുണ്ട്. പോലീസാണ് ആദ്യം വെടിവെച്ചതെന്നാണ് റിസോർട്ട് ജീവനക്കാർ പറയുന്നത്. മാവോയിസ്റ്റുകളുടെ പെരുമാറ്റം മാന്യമായിരുന്നെന്നും 50,000 രൂപയും പത്ത് പേർക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടെത്തിയ സംഘം വിനോദസഞ്ചാരികളെത്തിയപ്പോൾ റിസോർട്ട് നടത്തിപ്പുകാർക്ക് പ്രയാസമുണ്ടാകാതിരിക്കാൻ മാറിനിന്നതായും അവർ വെളിപ്പെടുത്തി. ഔദ്യോഗിക കേന്ദ്രങ്ങൾ അവകാശപ്പെട്ടത് പോലെ ഏറ്റുമുട്ടലായിരുന്നെങ്കിൽ പോലീസുകാർക്കും പരുക്ക് പറ്റുക സ്വാഭാവികമാണ്. എന്ന ഒരു പോലീസുകാരനും പേരിന് പോലും പരുക്കേറ്റിട്ടില്ല.

ഫ്യൂഡലിസത്തിനും മുതലാളിത്വത്തിനുമെതിരായ ചെറുത്തുനിൽപ്പ് പ്രസ്ഥാനമെന്നാണ് മാവോയിസ്റ്റുകൾ സ്വയം പരിചയപ്പെടുത്തുന്നത്. ചൈനയുടെ പരമോന്നത നേതാവായിരുന്ന മാവോ സേതുങ്ങിന്റെ ആശയങ്ങളെ പിന്തുടർന്ന് സമൂഹത്തിലെ പാവപ്പെട്ടവരുടെ അവകാശങ്ങൾ വാങ്ങിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ഇവർ ഇന്നു പക്ഷേ ഗുണ്ടാപിരിവിന്റെ വക്താക്കളായി മാറിയിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനമോ, ഭൂമിയില്ലാത്തവർക്ക് കിടപ്പാടത്തിനായുള്ള പോരാട്ടമോ അവരുടെ അജൻഡയിലില്ല. നിയമവിരുദ്ധ വനംമാഫിയയുമായും ഖനിമാഫിയയുമായും നല്ല ബന്ധമാണ് ഇവർക്ക്. ആവശ്യപ്പെട്ട പണം നൽകുന്നവരൊക്കെ അവരുടെ മിത്രങ്ങളാണ്. ഗുണ്ടാപ്പിരിവ് കൊടുത്തുകഴിഞ്ഞാൽ സമ്പന്ന വിഭാഗവും കുത്തകക്കാരും കാണിക്കുന്ന എല്ലാ കൊള്ളരുതായ്മക്കുമെതിരെ കണ്ണുചിമ്മുകയും ചെയ്യുന്നു.

പാവപ്പെട്ടവർക്കെന്ന പേരിൽ കൊള്ളയും കൊള്ളിവെപ്പും നടത്തുന്ന മാവോയിസ്റ്റ് നേതാക്കളിൽ പലരും കോടീശ്വരന്മാരും ആഡംബര ജീവിതം നയിക്കുന്നവരുമാണെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. തലക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ വിലയിട്ട ബിഹാറിലെ മാവോയിസ്റ്റ് നേതാവ് സന്ദീപ് യാദവും ഝാർഖണ്ഡിലെ നേതാവായ പ്രദ്യുമ്‌നൻ ശർമയും മഹാരാജാക്കന്മാരെപ്പോലെയാണ് ജീവിക്കുന്നത്. സ്‌കൂൾ അധ്യാപികയായ സന്ദീപ് യാദവിന്റെ ഭാര്യ രജന്തിക്ക് സർക്കാർ ശമ്പളത്തിന് പുറമേ 80 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്. ഇവരുടെ കുട്ടികൾ രണ്ട് പേർക്കുമുണ്ട് സ്വന്തമായി സ്‌പോർട്‌സ് ബൈക്കുകൾ. പഠിക്കുന്നത് പണം മുടക്കി പ്രശസ്ത കോളജുകളിലും. പ്രദ്യുമ്‌നനും സഹോദരനും കൂടി ജെഹനാബാദിൽ 250 ഏക്കർ ഭൂമിയുണ്ട്. കാഞ്ചീപുരം മെഡിക്കൽ കോളജിൽ പഠിക്കുന്ന അനന്തരവളുടെ യാത്ര വിമാനത്തിലാണ്. ഇവർ കോളജിൽ പ്രവേശനത്തിന് നൽകിയത് 22 ലക്ഷം രൂപയും. സാധാരണക്കാരുടെ പേരുപറഞ്ഞ് പിടിച്ചു പറി നടത്തി സ്വന്തം ആസ്തി വർധിപ്പിക്കുന്നവരാണ് ഇവരെ പോലെ മാവോയിസ്റ്റ് നേതാക്കളിൽ ഏറെയും.

ബുധനാഴ്ച രാത്രിയിൽ വൈത്തിരിയിൽ ജലീലിന്റെ നേതൃത്വത്തിൽ എത്തിയത് ഗുണ്ടാപിരിവുകാരെ പോലെ 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടായിരുന്നു. ഇത്രയും പണം കൈവശമില്ലെന്നറിയിച്ചപ്പോൾ കിട്ടിയേതീരൂവെന്നവർ ശാഠ്യം പിടിക്കുകയും ബാക്കി പണം എ ടി എമ്മിൽ നിന്ന് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് മേഖലകളിൽ ഇത്തരം നിർബന്ധിത കപ്പം പിരിവാണ് മാവോയിസ്റ്റുകളുടെ വരുമാന മാർഗങ്ങളിൽ പ്രധാനം. ഇത് കേരളത്തിലും പരീക്ഷിച്ചു വരികയാണിപ്പോൾ.ലക്ഷ്യമെന്താകട്ടെ, സായുധപോരാട്ടവും പിടിച്ചു പറിയും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ നീതീകരിക്കാനാവില്ല. അതവസാനിപ്പിക്കാൻ കർശന നടപടി ആവശ്യമാണ്. തീവ്രവാദത്തിനെതിരെ കർശനമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ അതിനെതിരെ സ്വീകരിക്കുന്ന നീക്കങ്ങൾ നിയമവിധേയമായിരിക്കണം. തീവ്രവാദം ആരോപിക്കപ്പെടുന്നവരെ പിടികൂടി നിയമത്തിന്റെ മുമ്പിൽ ഹാജരാക്കുകയല്ലാതെ ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുന്നത് ഭരണകൂട ഭീകരതയാണ്. മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരാൻ അന്വേഷണം ആവശ്യമാണ്.