Connect with us

Health

സംസ്ഥാനത്ത് മൂന്ന് ദശലക്ഷം പേര്‍ ഗ്ലോക്കോമ ബാധിതര്‍

Published

|

Last Updated

സാവധാനത്തില്‍ കാഴ്ച കവര്‍ന്നെടുത്ത് പൂര്‍ണ അന്ധതയിലേക്ക് നയിക്കുന്ന നേത്ര രോഗമായ ഗ്ലോക്കോമ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്ത് 13 ദശലക്ഷം പേര്‍ ഗ്ലോക്കോമബാധിതരാണെന്നാണ് നേത്ര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ ഏജന്‍സികളുടെ പഠനങ്ങളില്‍ രാജ്യത്തെ 12.8 ശതമാനം അന്ധതയും ഗ്ലോക്കോമ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിവര്‍ഷം നാല്‍പത് വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയില്‍ പരം ഇന്ത്യക്കാര്‍ക്കാണ് ഗ്ലോക്കോമ പിടിപ്പെടുന്നത്. യാതൊരു ലക്ഷണങ്ങളും പ്രാരംഭ ഘട്ടത്തില്‍ പ്രകടമല്ലാത്തതിനാല്‍ ഗ്ലോക്കോമ രോഗികളില്‍ മിക്കവരും ഇതേക്കുറിച്ച് അജ്ഞാതരായിരിക്കും. നേത്രരോഗ വിദഗ്ധര്‍ നടത്തുന്ന സമഗ്രമായ പരിശോധന മാത്രമാണ് രോഗം തിരിച്ചറിയാനുള്ള ഏക വഴി.
സംസ്ഥാനത്ത് ഗ്ലോക്കോമ ബാധിതരുടെ കൃത്യമായ കണക്കെടുപ്പുകളൊന്നും നടന്നിട്ടില്ലെങ്കിലും മൂന്ന് ദശലക്ഷം പേര്‍ രോഗബാധിതരാണെന്ന് തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ ഒഫ്താല്‍മോളജി ഡിപാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി കെ ലതിക സിറാജിനോട് പറഞ്ഞു. കാഴ്ച ഞരമ്പിന് സംഭവിക്കുന്ന തകരാറുമൂലമാണ് ഗ്ലോക്കോമയുണ്ടാകുന്നതെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നതെങ്കിലും ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
 വളരെ വൈകി മാത്രമേ ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂവെന്നാതിനാല്‍ സാധാരണയായി 60 വയസിനോടടുക്കുമ്പോഴാണ് ഇത് കണ്ടുപിടിക്കപ്പെടുന്നത്. അപ്പോഴേക്കും രോഗിയുടെ കാഴ്ച ശക്തി ഭൂരിഭാഗവും നഷ്ടപ്പെട്ടിരിക്കും. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഈ രോഗമുണ്ടെങ്കില്‍ രണ്ട് ഇരട്ടിയും സഹോദരങ്ങള്‍ക്കുണ്ടെങ്കില്‍ നാലിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു.
40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കണ്ണിന് പരുക്കേറ്റവര്‍, സ്റ്റിറോയ്ഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചവര്‍, പ്രമേഹമുള്ളവര്‍, ഗ്ലൂക്കോമ പാരമ്പര്യ കുടുംബത്തിലുള്ളവര്‍, കണ്ണില്‍ രാസവസ്തുക്കളും മറ്റും വീണവര്‍ എന്നിവര്‍ക്ക് രോഗ സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദമുള്ളവരിലും ഗ്ലോക്കോമ ബാധ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം കണ്ടെത്തിയാല്‍ മറ്റ് ജീവിതശൈലി രോഗങ്ങളെപ്പോലെ ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമാണ്. തുള്ളിമരുന്നുകൊണ്ട് രോഗ വ്യാപനം പ്രതിരോധിക്കാമെങ്കിലും ചിലഘട്ടങ്ങളില്‍ ലേസര്‍ ചികിത്സയും സര്‍ജറിയും വേണ്ടിവരും. എങ്കിലും ചികിത്സയിലൂടെ നഷ്ടമായ കാഴ്ച തിരിച്ചെടുക്കാനാകില്ല.
60 ദശലക്ഷം പേര്‍ ഗ്ലോക്കോമ രോഗികളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക.് 2020ഓടെ ഗ്ലോക്കോമ ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തിമിരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അന്ധതക്ക് കാരണമാകുന്ന രോഗമാണിത്. സാധാരണയായി ഗ്ലോക്കോമ പ്രായമേറിയവരിലാണ് കണ്ടുവരുന്നതെങ്കിലും ചെറിയ കുട്ടികളെയും രോഗം ബാധിക്കാം. എന്നാല്‍ ഇത് ജന്മനായുണ്ടാകുന്ന രോഗമാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല.
എന്താണ് ഗ്ലോക്കോമ?
കണ്ണിനെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന ഒപ്ടിക് നേര്‍വിനെ ബാധിക്കുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിന്റെ പല ഭാഗത്ത് നിന്നുമുള്ള നാഡീ ഞരമ്പുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഒപ്ടിക് നേര്‍വ് എന്ന നാഡി. നേത്രാന്തര ഭാഗത്തെ സമ്മര്‍ദം ഈ നാഡീഞരമ്പുകള്‍ക്ക് താങ്ങാനാകാതെ വരുമ്പോള്‍ അവ ക്ഷയിക്കാന്‍ തുടങ്ങുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ. അക്വസ് ഹ്യൂമര്‍ എന്ന സ്രവം ഒഴുകിപ്പോകുന്ന ട്രബ്ക്യുലാര്‍ മെഷ്‌വര്‍ക്കെന്ന ചാലിന് തടസ്സമുണ്ടാകുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന കാരണം. ചില രോഗികളില്‍ കണ്ണിലെ നാഡീ ഞരമ്പുകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നത് ഞരമ്പുകള്‍ ചുരുങ്ങാനും പൊട്ടാനും ഇടയാക്കുന്നു. ഇതോടെ പൂര്‍ണ അന്ധത സംഭവിക്കുന്നു. ഞരമ്പുകള്‍ ഓരോന്നായി നശിക്കുമ്പോഴും തുടക്കത്തില്‍ രോഗിയുടെ കാഴ്ചക്ക് പ്രശ്‌നമോ കണ്ണുകള്‍ക്ക് വേദനയോ അനുഭവപ്പെടാറില്ല. അതിനാല്‍ കാഴ്ചശക്തി ഗണ്യമായി കുറഞ്ഞതിന് ശേഷം മാത്രമേ പലപ്പോഴും ഗ്ലൂക്കോമ തിരിച്ചറിയാറുള്ളൂ.
വിദഗ്ധ പരിശോധന ആവശ്യം
യാതൊരു ലക്ഷണങ്ങളും മുന്‍കൂട്ടി പ്രകടിപ്പിക്കാത്ത ഗ്ലൂക്കോമയെ വിദഗ്ധ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. അതിനാല്‍ നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ ഇടവിട്ട് കണ്ണ് പരിശോധന നടത്തുന്നത് നല്ലതാണ്. ചികിത്സയിലൂടെ നഷ്ടപ്പെട്ട കാഴ്ച തിരിച്ചെടുക്കാനാകില്ലെങ്കിലും ഒപ്ടിക് നേര്‍വിന്റെ നാശം സാവധാനത്തിലാക്കാന്‍ സാധിക്കും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കുറച്ചുകാലത്തിനകം സ്ഥിരമായി കാഴ്ച നഷ്ടമായേക്കാം.
ഡോ. വി കെ ലതിക
അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഒഫ്താല്‍മോളജി, 
തൃശൂര്‍ അമല മെഡിക്കല്‍ കോളജ്‌