മുസ്‌ലിം ലീഗില്‍ നാടകീയ നീക്കം; കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യം

Posted on: March 9, 2019 10:43 am | Last updated: March 9, 2019 at 1:38 pm

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപമായി. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കും. എന്നാല്‍, പൊന്നാനിയില്‍ നിലവിലെ എംപി ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണമെന്നും പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്നുമുള്ള ആവശ്യം അവസാന ഘട്ടത്തില്‍ ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പൊന്നാനിയിലെ പ്രാദേശിക ലീഗ് നേതാക്കളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

എന്നാല്‍, മണ്ഡലം മാറേണ്ടി വന്നാല്‍ കുഞ്ഞാലിക്കുട്ടി അംഗീകരിക്കുമോയെന്ന ആശയക്കുഴപ്പവും സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രഖ്യാപനവും ഹൈദരാലി തങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഉന്നത അധികാര സമിതി കഴിഞ്ഞദിവസം വിട്ടിരുന്നു. ഇന്നോ നാളെയോ ലീഗ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

അതേസമയം, മൂന്നാം സീറ്റ് സംബന്ധിച്ച വിവാദങ്ങള്‍ പുരോഗമിക്കുന്നതിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. ലോക്‌സഭയിലേക്ക് മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചു നിന്നെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല.

യു ഡി എഫില്‍ അധിക സീറ്റ് വേണമെന്നാവശ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതും ലീഗ്-കോണ്‍ഗ്രസ് നേതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം യു ഡി എഫില്‍ അംഗീകരിക്കപ്പെടുകയും ലീഗിന് മൂന്നാം സീറ്റ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മൂന്നാം സീറ്റിന് വേണ്ടി മുറവിളി കൂട്ടുന്ന സാമുദായിക കക്ഷികളുടേയും യൂത്ത് ലീഗിന്റേയും മുന്നില്‍ ലീഗ് നേതാക്കള്‍ക്ക് തലയുയര്‍ത്താനാകാത്ത സാഹചര്യവുമുണ്ടാകും.