Connect with us

National

ബാബരി കേസ്: മധ്യസ്ഥരെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ച് ആര്‍എസ്എസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം മാധ്യസ്ഥ്യ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതി നീക്കത്തെ വിമര്‍ശിച്ച് ആര്‍എസ്എസ്. മധ്യസ്ഥതക്കുള്ള കോടതി നീക്കം അമ്പരിപ്പിക്കുന്നതാണെന്നും രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സം നീക്കണമെന്നും കേസില്‍ എത്രയും പെട്ടെന്ന് വിധി പറയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഹിന്ദു സമുദായത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയത്തെ മനസ്സിലാക്കാനോ പരിഗണന നല്‍കാനോ കോടതി തയ്യാറായില്ലെന്നും ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സഭ പ്രമേയത്തില്‍ വ്യക്തമാക്കി. ശബരിമല വിധിയും ആര്‍എസ്എസ് പരാമര്‍ശിക്കുന്നുണ്ട്. ശബരിമല വിധിയില്‍ ബഞ്ചിലെ ഏക വനിത ജഡ്ജിയുടെ അഭിപ്രായം മാനിച്ചില്ലെന്നും രാജ്യത്ത് ഹിന്ദുക്കള്‍ക്ക് വിലയില്ലാതാകുന്ന സ്ഥിതിയാണ് ഉള്ളത് എന്നും ആര്‍എസ്എസ് പ്രമേയം പറയുന്നുണ്ട്. എട്ട് മാസമാണ് അയോധ്യ മാധ്യസ്ഥ ശ്രമത്തിന് സുപ്രീംകോടതി അനുവദിച്ച സമയം ഇതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യകേസില്‍ വിധി വരില്ല എന്നതാണ് ആര്‍എസിഎസിനെ സുപ്രീംകോടതി നിര്‍ദേശത്തിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

മാധ്യസ്ഥ്യ ശ്രമം കേസിലെ കക്ഷിയായ സുന്നി വഖ്ഫ് ബോര്‍ഡും മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്‌പ്പോള്‍ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു. വിഷയം മതപരവും വൈകാരികവുമാണെന്നും ഇത് കേവലം ഒരു സ്വത്ത് തര്‍ക്കമല്ലെന്നുമുള്ള നിലപാടാണ് കക്ഷികളായ ഹിന്ദു സംഘടനകള്‍ എടുത്തത്. മാധ്യസ്ഥ്യ ചര്‍ച്ചകളെ ഉത്തര്‍ പ്രദേശ് സര്‍ക്കാറും എതിര്‍ത്തിരുന്നു.
. മാധ്യസ്ഥ്യ ചര്‍ച്ചകള്‍ക്കായി ജസ്റ്റിസ് ഫഖിര്‍ മുഹമ്മദ് ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ചുമതലപ്പെടുത്തിയിരുന്നു.
പ്രമുഖ അഭിഭാഷകന്‍ ശ്രീ റാം പഞ്ചു, സംഘ്പരിവാര്‍ സഹയാത്രികനായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് മൂന്നംഗ മാധ്യസ്ഥ്യ സമിതിയിലെ മറ്റു അംഗങ്ങള്‍. സമിതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ അംഗങ്ങളെ പാനലില്‍ ഉള്‍പ്പെടുത്താം. അഭിഭാഷകരുടെ സഹായം സ്വീകരിക്കുന്നതിനുള്ള അധികാരവും കോടതി നല്‍കിയിട്ടുണ്ട്. മാധ്യസ്ഥ്യ ചര്‍ച്ചകളും നടപടിക്രമങ്ങളും ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് കേന്ദ്രീകരിച്ചായിരിക്കണമെന്നും സമിതിക്ക് അടിസ്ഥാന സൗകര്യം നല്‍കേണ്ടത് ഉത്തര്‍ പ്രദേശ് സര്‍ക്കാറാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ച്ചയുടെ നടപടികള്‍ ഒരാഴ്ചക്കകം ആരംഭിക്കുകയും എട്ട് ആഴ്ചക്കുള്ളില്‍ അവസാനിപ്പിക്കുകയും വേണം. നാല് ആഴ്ചക്കകം കോടതിക്ക് ആദ്യ റിപ്പോര്‍ട്ട് നല്‍കണം. അടച്ചിട്ട മുറിയിലായിരിക്കണം ചര്‍ച്ച നടക്കേണ്ടത്. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കണമോ വേണ്ടയോ എന്ന് സമിതിക്ക് തീരുമാനിക്കാം. കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുന്നതിനുള്ള സി പി സി സെക്ഷന്‍ 89 ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യസ്ഥ്യ ശ്രമത്തിനായി ഇരു വിഭാഗം കക്ഷികളും നല്‍കിയ പേരുകള്‍ സുപ്രീം കോടതി പരിഗണിച്ചില്ല. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാര്‍, സുപ്രീം കോടതി മുന്‍ ജഡ്ജി എ കെ പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദു മഹാസഭ നല്‍കിയിരുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ കെ പട്‌നായിക്, ജസ്റ്റിസ് ജി എസ് സിംഗ്‌വി എന്നിവരുടെ പേരുകളാണ് നിര്‍മോഹി അഖാഡ നല്‍കിയത്. സുന്നി വഖ്ഫ് ബോര്‍ഡും പേരുകള്‍ നല്‍കിയിരുന്നു.
ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ് ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുന്നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിഷയത്തില്‍ വാദം കേട്ട് കഴിഞ്ഞ ബുധനാഴ്ച വിധി പറയാനായി മാറ്റിവെച്ചിരുന്നു.