ഹൂതികളുടെ ഡ്രോണ്‍ സഊദി വെടിവച്ചിട്ടു; അഞ്ചു പേര്‍ക്ക് പരുക്ക്

Posted on: March 8, 2019 11:02 pm | Last updated: March 9, 2019 at 10:17 am

റിയാദ്: സഊദിയിലെ അബഹ പട്ടണം ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള യമനിലെ വിമത വിഭാഗമായ ഹൂതികളുടെ ശ്രമം സഊദി സേന പരാജയപ്പെടുത്തി. ഇത് മൂന്നാം തവണയാണ് അബഹയില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമം നടക്കുന്നത്. സംഭവത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സഊദിയുടെ വടക്കന്‍ പട്ടണമായ അബഹക്ക് നേരെ യമനില്‍ നിന്നും ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഉടന്‍ തന്നെ ആക്രമണ ശ്രമം സഊദി സൈന്യം തകര്‍ക്കുകയായിരുന്നു.

ഇറാന്‍ നിര്‍മിത ഡ്രോണ്‍ ആണ് ഹൂതികള്‍ ഉപയോഗിച്ചതെന്ന് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ആക്രമണ നീക്കം തകര്‍ക്കാനുള്ള ശ്രമത്തിനിടെ ആറ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.