അബുദാബി പോലീസ് ഇനി മലയാളം പറയും

Posted on: March 8, 2019 4:06 pm | Last updated: March 8, 2019 at 5:05 pm

അബുദാബി: അബുദാബി പോലീസ് മലയാളത്തിലും വിവരങ്ങള്‍ പങ്കുവെക്കും. സാമൂഹിക മാധ്യമങ്ങളിലാണിത്. പോലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകള്‍ക്ക് തുടക്കമിട്ടത്.
യു എ ഇയിലുള്ള സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പോലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്.
അറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും ബോധവത്കരണങ്ങളുമെല്ലാം മലയാളത്തില്‍ നല്‍കാനുള്ള തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള നൂറുകണക്കിന് അഭിപ്രായങ്ങളും ആദ്യപോസ്റ്റിന് താഴെ കാണാം.