വ്യോമാക്രമണവും കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയവും

ഇന്ത്യൻ വ്യോമാക്രമണം നടക്കുമ്പോൾ തകർക്കപ്പെട്ട കെട്ടിടത്തിനകത്ത് മുന്നൂറ് മൊബൈൽ സിഗ്‌നലുകൾ ഉണ്ടായിരുന്നു എന്ന് ഊഹിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ ആഗ്രഹം പോലെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് തന്നെ കരുതിയാലും അത് രാഷ്ട്രീയ വത്കരിക്കാനുള്ള എൻ ഡി എയുടെ ശ്രമങ്ങൾ എത്ര ബാലിശമാണ്. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി സർക്കാറിന് പിന്തുണ നീട്ടിയ കോൺഗ്രസ് പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളുമാണ് സത്യത്തിൽ ബലാക്കോട്ട് ആക്രമണത്തിന്റെ പുകമറക്കുള്ളിൽ നിന്ന് പുറത്തുകടക്കാനാവാതെ നിൽക്കുന്നത്. വലിയ പ്രചാരണ പരിപാടികളൊക്കെ ഉപേക്ഷിച്ചും കനമുള്ള ചോദ്യങ്ങൾ ഉന്നയിക്കാതെയും എത്ര നാൾ പ്രതിപക്ഷം മുന്നോട്ടുപോകും? ഇപ്പോൾ ഉയർത്തിയിരിക്കുന്ന ഈ ചോദ്യങ്ങൾ സർക്കാർ എളുപ്പത്തിൽ മറികടക്കുമെന്നും തിരഞ്ഞെടുപ്പുവരെ യുദ്ധവും സന്നാഹവും ഒരുക്കി റാഫേൽ അടക്കമുള്ള അഴിമതിക്കഥകളിൽ നിന്നും കർഷക യുവ രോഷങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാമെന്നും മോദി കരുതുന്നുണ്ട്. ഇതറിഞ്ഞിട്ടും ഇക്കാര്യത്തിൽ ആഞ്ഞടിക്കാനാവാത്ത കോൺഗ്രസിന്റെ നിസ്സഹായതയാണ് മോദിയുടെ വിജയവും.
Posted on: March 8, 2019 12:18 pm | Last updated: March 8, 2019 at 12:18 pm

ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തകർക്കാൻ രാജ്യാതിർത്തി കടന്ന് ഇന്ത്യയുടെ മിറാഷ് വിമാനങ്ങൾ നടത്തിയ മിന്നലാക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളാണല്ലോ ഇപ്പോഴത്തെ പ്രൈം ടൈം ചർച്ചകൾ. ആയിരം കിലോഗ്രാം ബോംബെറിഞ്ഞിട്ട് കുറെ പൈൻ മരങ്ങൾ നശിപ്പിച്ചതും തുടരാക്രമണത്തിനിടെ ഇന്ത്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട് ഒരു പൈലറ്റിനെ പാക്കിസ്ഥാൻ പിടിച്ചു കൊണ്ടുപോയതുമാണോ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രതികാരമെന്ന് പ്രതിപക്ഷം ചോദിച്ചു തുടങ്ങിയിരിക്കുന്നു. പിടിയിലായ വ്യോമസേനാ പൈലറ്റിനെ സമാധാനത്തിന്റെ സൂചകമെന്നോണം ഇന്ത്യക്ക് കൈമാറുക കൂടി ചെയ്തതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയ മട്ടിലാണ് എൻ ഡി എ സർക്കാർ. പുൽവാമയിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ചയാണെന്ന വിമർശനങ്ങളെ ഇല്ലാതാക്കാൻ കൂടി നടത്തിയ വ്യോമാക്രമണം വ്യോമസേനയുടെ അക്കൗണ്ടിൽ മാത്രം മതിയെന്നും പാക്കിസ്ഥാൻ പിടിച്ചുകൊണ്ടുപോയ പൈലറ്റ് അഭിനന്ദനെ മോചിപ്പിച്ചതിന് പിന്നിൽ പഞ്ചാബ് കോൺഗ്രസ്് മന്ത്രി നവജോത് സിംഗ് സിദ്ദുവിന്റെ ശ്രമങ്ങളും ആയിരുന്നെന്നാണ് കോൺഗ്രസ് വാദം.

ബലാക്കോട്ട് ആക്രമണത്തെ രാഷ്ട്രീയ വത്കരിക്കാനുള്ള ബി ജെ പി നേതാക്കളുടെ ശ്രമം വൻതോതിൽ വിമർശിക്കപ്പെടുകയായിരുന്നു. ഇന്ത്യാ ഗേറ്റിലെ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പോലും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ ഒന്നുപോലെ തരംതാഴ്ന്നതെന്നാണ് മുൻ സൈനിക മേധാവികളും മറ്റും അപലപിച്ചത്. അതേസമയം, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പക്വതയോടെ സംസാരിക്കുകയും കാര്യങ്ങൾ കൈകാര്യം ചെയ്യുകയുമാണെന്ന് ലോക രാഷ്ട്രീയ നിരീക്ഷകരും രാജ്യാന്തര മാധ്യമങ്ങളും പറഞ്ഞുതുടങ്ങിയതും ഇന്ത്യക്ക് നാണക്കേടായി. ഇംറാൻഖാന്റെ രാഷ്ട്രീയ നയതന്ത്ര പക്വതയെ പുകഴ്ത്തിയ ഇന്ത്യക്കാർക്കൊക്കെ ചെരുപ്പുകൊണ്ടടിയോ, രാജ്യദ്രോഹത്തിന്റെ ചാപ്പയടിയോ കിട്ടുകയും ചെയ്തു. ഗുജറാത്തിൽ ഒരു പ്രൊഫസറെ എ ബി വി പിക്കാർ മർദിച്ച്, തിണ്ണയിൽ മുട്ടുകുത്തിച്ചു മാപ്പുപറയിച്ചുവത്രെ.

ഇന്ത്യയുടെ ഒരു പൈലറ്റിനെ പാക്കിസ്ഥാൻ തടവിൽ പിടിച്ചപ്പോഴും പാർട്ടിപരിപാടികളും ഉദ്ഘാടന ശിലാസ്ഥാപന മഹാമഹങ്ങളുമായി പ്രധാനമന്ത്രി തിരക്കിലായിരുന്നു എന്നത് കടുത്ത വിമർശനങ്ങൾക്കിടയാക്കി. രാജ്യദ്രോഹ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ രാജ്യത്തെ മുഴുവൻ സംഘ്പരിവാർ കാര്യകർത്താക്കൾക്കും അനുമതി കൊടുത്ത പോലെയുള്ള സ്ഥിതി നിലനിൽക്കുന്നത് കൊണ്ടും ബി ജെ പി ഉയർത്തുന്ന അപകടകരമായ ദേശീയതക്ക് കിടപിടിക്കുന്ന ദേശീയതയൊന്നും കൈവശമില്ലെങ്കിലും അത്രയൊക്കെ മോടിയുള്ള രാജ്യഭക്തിയും പാക് വിരോധവും തങ്ങൾക്കും ഉറപ്പു വരുത്തണമെന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് നിർബന്ധമുള്ളതിനാലും ബഹളങ്ങളൊക്കെ എത്ര കയറുമെന്ന് മോദിക്ക് ചെറിയതല്ലാത്ത നിശ്ചയമുണ്ടെന്ന് തോന്നും ആ ആത്മവിശ്വാസം കാണുമ്പോൾ.
അതേ സമയം മാധ്യമങ്ങൾ പതിവുപോലെ അതിരുകൾ ലംഘിച്ചുകൊണ്ടേയിരിക്കുന്നു. അഭിനന്ദൻ പാക് കസ്റ്റഡിയിലായിരിക്കെ അഭിനന്ദന്റെ മുഴുവൻ വ്യക്തിഗത വിവരങ്ങളും ഔദ്യോഗിക വിശദാംശങ്ങളും സംപ്രേഷണം ചെയ്യുകയായിരുന്നു നമ്മുടെ മാധ്യമങ്ങൾ. എന്നാൽ അവിടെ, പാക്കിസ്ഥാൻ പട്ടാളക്കാരുടെ തടവിലുള്ള അഭിനന്ദൻ ആകട്ടെ, അത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്യുന്നു. അപ്പോഴും അഭിനന്ദനെ ചോദ്യം ചെയ്യുന്ന പാക്കിസ്ഥാൻ പട്ടാള ഉദ്യോഗസ്ഥർ ചിരിക്കുകയാണ് ചെയ്യുന്നത്. കാരണം അവർക്ക് വേണ്ടതിലധികം ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നുണ്ടല്ലോ.

രാജ്യത്തോടുള്ള കൂറുകാണിക്കുന്ന ആ പട്ടാളക്കാരനോട് ചെയ്യുന്ന ക്രൂരമായ അനാദരവാണ് ഇന്ത്യൻ മാധ്യമങ്ങൾ അപ്പോൾ ചെയ്തത്. മുമ്പ് മുംബൈ ഭീകരാക്രമണ വേളയിൽ ഭീകരർ സുരക്ഷാ ഭടന്മാരുടെ നീക്കങ്ങൾ മനസ്സിലാക്കിയത് ഇന്ത്യൻ ചാനലുകളുടെ ലൈവ് കണ്ടുകൊണ്ടായിരുന്നുവല്ലോ. പുൽവാമയിലെ ഭീകരാക്രമണം മുതൽ യുദ്ധവെറി കാണിച്ച മാധ്യമങ്ങൾക്കും മോദിയെയും അമിത്ഷായെയും പോലെ കുറെ അധികം തീവ്ര വാദികളെ ‘കൊല്ലണ’മായിരുന്നു.
എന്നാൽ, അൽജസീറയും മറ്റു രാജ്യാന്തര വാർത്താ ഏജൻസികളും ഇന്ത്യൻ മാധ്യമങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് വാർത്ത കൊടുത്തു. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ കുറെ പൈൻ മരങ്ങളും പഴയ ഒരു മദ്‌റസയും മാത്രമാണ് നശിച്ചതെന്നും മാത്രമല്ല, ഈ മദ്‌റസ ഇന്ത്യ പറയും പോലെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ പരിശീലന കേന്ദ്രമല്ലെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. കശ്മീർ വിഷയത്തിൽ അൽ ജസീറ കൊടുത്ത വാർത്തകളെ ആധാരമാക്കി രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയതിന്റെ ഈർഷ്യം തീർക്കുകയാണ് അൽജസീറ എന്ന് പറയും മുമ്പ്, ദി ഗാർഡിയനും റോയിട്ടേഴ്‌സും അൽ ജസീറ പറഞ്ഞത് ആവർത്തിക്കുകയും പോരാത്തതിന് ഇന്ത്യയുടെ വ്യോമാക്രമണത്തിനു ശേഷവും തകർക്കപ്പെടാത്ത നിലയിലുള്ള ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളുടെ ആകാശ ദൃശ്യങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്തു.
എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യോമസേന കണക്കെടുത്തിട്ടില്ലെന്നാണ് എയർ ചീഫ് മാർഷൽ ബി എൻ ധനോവ പറയുന്നത്. പക്ഷേ, അമിത് ഷാക്ക് കൃത്യമായി കണക്കറിയാം. അതയാൾ കച്ചവടത്തിലും രാഷ്ട്രീയത്തിലും നല്ല കണക്കുള്ള ആളായതിനാലാണ്. വ്യോമസേനാ മേധാവിയല്ലല്ലോ കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കുകൾ പറയേണ്ടത്.

അതായത് മുസ്‌ലിം അയൽരാജ്യമായ പാക്കിസ്ഥാനുമായി ഇപ്പോഴൊരു യുദ്ധമോ, കുറഞ്ഞത് ഇതുപോലെ ഒരു പുകച്ചിലോ വേണ്ടത് പാർട്ടിയുടെ ആവശ്യമല്ലേ? അപ്പോൾ കണക്കും പാർട്ടി പറയും. എങ്കിലും കുറഞ്ഞുപോയെന്നേ തോന്നിയുള്ളൂ. എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കാര്യകർത്താക്കളുള്ളപ്പോൾ കണക്കിത്ര ചുരുങ്ങരുതായിരുന്നല്ലോ.

എങ്കിലും പ്രതിപക്ഷത്ത് നവജ്യോത് സിംഗ് സിദ്ദുവിനെ പോലുള്ളവർ കണക്കിന്റെ കാര്യത്തിൽ ബി ജെ പിയെ കുരുക്കിട്ട സ്ഥിതിക്ക് കലിപ്പ് തീർന്നിട്ടില്ലെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ ഭീകരരെയും വീട്ടിൽ കയറി വകവരുത്തുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പുതിയ ‘പഞ്ച് ഡയലോഗു’കളൊക്കെ വേണ്ടിവരും. അപ്പോഴും പുലർച്ചെ നടത്തിയ മിറാഷ് വിമാനങ്ങളുടെ മിന്നൽ ആക്രമണങ്ങൾ നേരത്തേ അറിഞ്ഞിരുന്നെന്നും ആ സമയത്തൊക്കെ പൂജാമുറിയിലിരുന്ന് പൈലറ്റുമാർക്ക് വേണ്ടി പ്രാർഥിക്കുകയായിരുന്നെന്നുമാണ് ബി ജെ പിയുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയുടെ പ്രസ്താവന. കൂട്ടത്തിൽ ഒരു ചെറിയ നുണയായി കണ്ടാൽ കുഴപ്പമില്ല. അല്ലെങ്കിൽ നോട്ടുനിരോധനം പോലെ ഇതുമൊരു പാർട്ടി ചടങ്ങായിരുന്നു എന്ന സത്യം ഈ രാജ്യത്തിന് താങ്ങാനാവില്ല.

പുൽവാമയിലെ സുരക്ഷാ വീഴ്ചയുടെ പേരിലും മകന്റെ അഴിമതിക്കഥകളുടെ പേരിലും വിമർശനങ്ങളുടെ മുൾമുനയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇന്ത്യയുടെ ജെയിംസ് ബോണ്ടാക്കിയുള്ള ഫീച്ചറുകളൊക്കെ നമ്മുടെ മാധ്യമങ്ങൾ ആഘോഷിച്ചു. രാജ്യം ഒരയൽ രാജ്യവുമായി ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തുകയും യുദ്ധം പോലെ സങ്കീർണമായ ഒരു സാഹചര്യത്തോട് അടുക്കുക പോലും ചെയ്തപ്പോഴും നമ്മുടെ പ്രധിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും മാധ്യമങ്ങളെ കാണാൻ ധൈര്യം കാണിച്ചില്ല. ഈ മന്ത്രാലയങ്ങളിലൊക്കെയുള്ള ഐ എ എസ്സുകാരുടെ പത്രസമ്മേളനങ്ങളാകട്ടെ ഒന്നിനോടൊന്നു ചേരാതെ പിരിഞ്ഞു നിൽക്കുകയും ചെയ്തു. സൈനിക മേധാവികളുടെ സംയുക്ത പത്രസമ്മേളനം പോലും കേന്ദ്രസർക്കാറിനെ രക്ഷിച്ചെടുക്കാനുള്ള ബദ്ധപ്പാടുപോലെയായി പലപ്പോഴും.

ഇന്ത്യൻ വ്യോമാക്രമണം നടക്കുമ്പോൾ തകർക്കപ്പെട്ട കെട്ടിടത്തിനകത്ത് മുന്നൂറ് മൊബൈൽ സിഗ്‌നലുകൾ ഉണ്ടായിരുന്നു എന്ന് ഊഹിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ ആഗ്രഹം പോലെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് തന്നെ കരുതിയാലും അത് രാഷ്ട്രീയ വത്കരിക്കാനുള്ള എൻ ഡി എയുടെ ശ്രമങ്ങൾ എത്ര ബാലിശമാണ്. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി സർക്കാറിന് പിന്തുണ നീട്ടിയ കോൺഗ്രസ് പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളുമാണ് സത്യത്തിൽ ബലാക്കോട്ട് ആക്രമണത്തിന്റെ പുകമറക്കുള്ളിൽ നിന്ന് പുറത്തുകടക്കാനാവാതെ നിൽക്കുന്നത്.
വലിയ പ്രചാരണ പരിപാടികളൊക്കെ ഉപേക്ഷിച്ചും കനമുള്ള ചോദ്യങ്ങൾ ഉന്നയിക്കാതെയും എത്ര നാൾ പ്രതിപക്ഷം മുന്നോട്ടുപോകും? ഇപ്പോൾ ഉയർത്തിയിരിക്കുന്ന ഈ ചോദ്യങ്ങൾ സർക്കാർ എളുപ്പത്തിൽ മറികടക്കുമെന്നും തിരഞ്ഞെടുപ്പുവരെ യുദ്ധവും സന്നാഹവും ഒരുക്കി റാഫേൽ അടക്കമുള്ള അഴിമതിക്കഥകളിൽ നിന്നും കർഷക യുവ രോഷങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാമെന്നും മോദി കരുതുന്നുണ്ട്. ഇതറിഞ്ഞിട്ടും ഇക്കാര്യത്തിൽ ആഞ്ഞടിക്കാനാവാത്ത കോൺഗ്രസിന്റെ നിസ്സഹായതയാണ് മോദിയുടെ വിജയവും.

എന്‍ എസ് അബ്ദുൽ ഹമീദ്