പരമ്പര റാഞ്ചിപ്പറക്കാന്‍ ഇന്ത്യ മൂന്നാം അങ്കത്തിന്

Posted on: March 8, 2019 11:30 am | Last updated: March 8, 2019 at 11:30 am

റാഞ്ചി: ആസ്‌ത്രേലിയയെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇന്ന് റാഞ്ചിയില്‍ നേരിടും. ശ്രദ്ധയത്രയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. റാഞ്ചിയുടെ പുത്രനാണ് ധോണി. ലോകകപ്പോടെ ധോണി വിരമിക്കുമെന്ന സൂചനകളിരിക്കെ റാഞ്ചിയിലെ കളിക്ക് വലിയൊരു പ്രത്യേകതയുണ്ട്. ഹോം ഗ്രൗണ്ടില്‍ ധോണിയുടെ അവസാനത്തെ മത്സരം !
ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടിയ ഇന്ത്യക്ക് റാഞ്ചിയില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. അഞ്ച് കളികളടങ്ങിയതാണ് പരമ്പര.

ലോകകപ്പ് തയ്യാറെടുപ്പിനുള്ള അവസാന അവസരമാണ് പരമ്പര. രണ്ട് കളികള്‍ ജയിച്ചെങ്കിലും ടോപ് ഓര്‍ഡര്‍ ബാറ്റിംഗില്‍ ശിഖര്‍ ധവാന്റെ ഫോം ഔട്ട് നിരാശപ്പെടുത്തുന്നു. അവസാന പതിനഞ്ച് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് ധവാന് നേടാനായത്.
അതേ സമയം ലോകേഷ് രാഹുല്‍ ഫോമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മൂന്നാം നമ്പറില്‍ രാഹുല്‍ വിശ്വസ്തനാണ്. ക്യാപ്റ്റന്‍ വിരാട് നാലാം നമ്പറില്‍ വരുമ്പോള്‍ സ്ഥിരതയില്ലാതെ കളിക്കുന്ന അംബാട്ടി റായുഡുവിന് സ്ഥാനം നഷ്ടമാകും. ന്യൂസിലാന്‍ഡിനെതിരെ 90 റണ്‍സടിച്ചത് മാത്രമാണ് റായുഡുവിന്റെ മികച്ച പ്രകടനം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതില്‍ റായുഡു പരാജയമാണ്. കെദാര്‍ യാദവും മഹേന്ദ്ര സിംഗ് ധോണിയും മധ്യനിരയില്‍ മികച്ച ഫോമിലാണ്. ആള്‍ റൗണ്ടര്‍ വിജയ് ശങ്കറും ചേരുന്നതോടെ ടീം സന്തുലിതമാകുന്നു.

പേസ് നിരയില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്‌റയും ഫോമിലാണ്. ഭുവനേശ്വര്‍ കുമാര്‍ വിശ്രമം കഴിഞ്ഞ് ടീമിനൊപ്പം ചേര്‍ന്നതോടെ സിദ്ധാര്‍ഥ് കൗളിനെ ഒഴിവാക്കി.
ആസ്‌ത്രേലിയക്കെതിരെ ആറ് വിക്കറ്റിനും എട്ട് റണ്‍സിനും ആയിരുന്നു ഇന്ത്യയുടെ ജയങ്ങള്‍. എന്നാല്‍, ഇതൊന്നും തന്നെ ആധികാരിക ജയങ്ങളല്ലായിരുന്നു. പക്ഷേ, അവസാന പന്ത് വരെ പൊരുതി നേടുന്ന ജയങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. ഏത് സമ്മര്‍ദ സാഹചര്യത്തെ നേരിടാന്‍ ടീമിനെ പ്രാപ്തമാക്കും. അതാണ് ആസ്‌ത്രേലിയക്കെതിരെ ആദ്യ രണ്ട് കളികളിലും സംഭവിച്ചത് – ക്യാപ്റ്റന്‍ വിരാട് പറഞ്ഞു.
ബൗളര്‍മാരുടെ മികവായിരുന്നു രണ്ട് ജയങ്ങളിലും പൊതുവായി കണ്ടത്. പതിനാലംഗ സ്‌ക്വാഡില്‍ കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരുണ്ട്. പാര്‍ട് ടൈം സ്പിന്നറായി കെദാറിനെയും ഉപയോഗപ്പെടുത്താം. പുറത്ത് നില്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവുണ്ടാകുമോ എന്നത് മാത്രമേ അറിയാനുള്ളൂ. റായുഡുവും ശിഖര്‍ ധവാനും ഫോം കണ്ടെത്തിയില്ലെങ്കില്‍ അവിടേക്ക് മികവുള്ളവര്‍ വരും.