വടകര; കടത്തനാട്ട് അങ്കം മുറുകും

മണ്ഡല പര്യടനം-വടകര
Posted on: March 7, 2019 4:04 pm | Last updated: March 7, 2019 at 4:04 pm

കോരപ്പുഴ കഴിഞ്ഞ് വടക്കോട്ടുള്ള രാഷ്‌ട്രീയത്തിന് ചൂടും ചൂരും കൂടും. കോഴിക്കോട് ജില്ലയുടെ വടക്കേയറ്റത്തുള്ള ലോക്‌സഭാ മണ്ഡലമെന്നാണ് വടകര അറിയപ്പെടുന്നതെങ്കിലും കണ്ണൂരിനോട് ഓരം പറ്റിയതാണ് ഈ മണ്ണ്. രാഷ്‌ട്രീയ കേരളത്തെ ഉറക്കം കെടുത്തിയ ചോരച്ചാലുകൾക്ക് സാക്ഷിയായതിന്റെ പേരിൽ തേങ്ങലടങ്ങാതെ കഴിയുന്ന ഭൂമി കൂടിയാണിത്.

നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയ, തെയ്യത്തിനും തിറക്കും കൃഷിക്കുമെല്ലാം പാകപ്പെട്ട കടത്തനാട്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിളനിലം.
ആർക്കും പിടികൊടുക്കാത്ത രാഷ്‌ട്രീയ പാരമ്പര്യമാണ് വടകരക്കുള്ളത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും കോൺഗ്രസ് യുവിന്റെയും കോൺഗ്രസ് എസിന്റെയും ബാനറിൽ തുടർച്ചയായി ആറ് തവണ കെ പി ഉണ്ണികൃഷ്ണനെ പാർലിമെന്റിലെത്തിച്ച മണ്ഡലം. എന്നാൽ, 1996ൽ സി പി എമ്മിലെ ഒ ഭരതനു മുമ്പിൽ ഉണ്ണികൃഷ്ണന് അടിയറവ് പറയേണ്ടി വന്നതും ഇവിടെത്തന്നെ. പിന്നെ ഏറെക്കാലം ചുവന്നുതന്നെയിരുന്ന ഈ മണ്ണിൽ സി പി എമ്മിലെ എ കെ പ്രേമജം രണ്ട് തവണയും അഡ്വ. പി സതീദേവി ഒരു തവണയും ജയിച്ചു കയറി. 2009ൽ സതീദേവിക്ക് കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയം സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ രണ്ട് തവണയായി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യു ഡി എഫ് പക്ഷത്താണ് മണ്ഡലം.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, വടകര, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വടകര ലോക്‌സഭാ മണ്ഡലം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. മുറുക്കിപ്പിടിച്ചാൽ മാത്രമേ വടകരയെ ആർക്കും സ്വന്തമാക്കാനാകൂ എന്നതാണവസ്ഥ.

മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികൾക്ക് പുറമെ രണ്ട് മൂന്ന് ചെറു രാഷ്‌ട്രീയ കക്ഷികൾക്ക് പ്രസക്തിയുള്ള മണ്ഡലമാണ് വടകര. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നേതൃത്വം നൽകുന്ന റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി, നേരത്തെ യു ഡി എഫ് പക്ഷത്തുണ്ടായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ ലോക്‌താന്ത്രിക് ദൾ, മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ് എന്നീ കക്ഷികൾക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്.
നിലവിലെ പാർലിമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വീണ്ടും വടകരയിൽ പട നയിക്കണമെന്നാണ് കോൺഗ്രസിനകത്തെ വികാരം. കെ പി സി സി പ്രസിഡന്റായ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ പക്ഷം. പകരം, കെ പി സി സി സെക്രട്ടറി അഡ്വ. കെ പ്രവീൺകുമാറിന്റെ പേര് ഉയർത്തിക്കാട്ടുന്നുണ്ട്.

നേരത്തെ എൽ ഡി എഫിന്റെ ഉരുക്കുകോട്ടയായ നാദാപുരത്ത് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച പ്രവീൺകുമാറിന് സി പി ഐയിലെ ഇ കെ വിജയന്റെ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് മണ്ഡലത്തിലുള്ള വ്യക്തിബന്ധത്തെ തുടർന്നാണെന്നാണ് നിരീക്ഷണം. നേരത്തെ കരുണാകര പക്ഷത്ത് നിലയുറപ്പിച്ചിരുന്ന മുൻ മന്ത്രി അഡ്വ. പി ശങ്കരന്റെ സ്വന്തക്കാരനായിരുന്ന പ്രവീൺ , കെ മുരളീധരനുമായും മറ്റും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ, നിരവധി മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖിന്റെ പേരും വടകരയിലേക്ക് പരിഗണിക്കുന്നുണ്ട്. നിലവിൽ വയനാട്ടിലേക്കാണ് സിദ്ദീഖിനെ പരിഗണിക്കപ്പെടുന്നതെങ്കിലും വയനാട്ടിൽ ഹൈക്കമാൻഡിന്റെ ഇടപെടലിലൂടെ മറ്റേതെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കപ്പെട്ടാൽ സിദ്ദീഖിന് വടകരയിൽ നറുക്ക് വീഴുമെന്നാണറിയുന്നത്. കൂടാതെ, കണ്ണൂർ ഡി സി സി പ്രസിഡന്റ്സതീശൻ പാച്ചേനിയുടെ പേരും പരിഗണിക്കുന്നു. ആർ എം പിയെ മെരുക്കുകയെന്ന ലക്ഷ്യത്തിന് നിയമസഭാ സീറ്റ് ചൂണ്ടിക്കാട്ടിയുള്ള ചർച്ചയും നടക്കുന്നുണ്ട്.

മുല്ലപ്പള്ളി എത്തുന്നതിന് മുമ്പ് ചുവപ്പ് കോട്ടയായി അറിയപ്പെടുന്ന വടകര മുല്ലപ്പള്ളിയുടെ ഒഴിഞ്ഞുപോക്കോടെ തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്  പി ജയരാജനിലൂടെ എൽ ഡി എഫ് കരുതുന്നത്‌.

ബി ജെ പിക്ക് അത്ര ശക്തിയില്ലാത്ത മണ്ഡലമാണ് വടകര. എന്നാൽ, കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന വി കെ സജീവനെയും യുവമോർച്ച സംസ്ഥാന നേതാവ് പ്രകാശ് ബാബുവിനെയും എൻ ഡി എ പരിഗണിക്കുന്നുണ്ട്.

ഉമർ മായനാട്