രാജ്യത്ത് എല്ലാം കാണാതാകുന്നു; മോദിയെ കണക്കറ്റ് പരിഹസിച്ച് രാഹുല്‍

Posted on: March 7, 2019 10:46 am | Last updated: March 7, 2019 at 3:22 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരണത്തില്‍ എല്ലാം കാണാതാകുകയാണെന്ന് രാഹുല്‍ പറഞ്ഞു. രണ്ട് കോടി തൊഴില്‍ കാണാതാതായി. കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപയും കാണാതായി. ഒടുവില്‍ റാഫേല്‍ ഫയലും കണാതായെന്ന് രാഹുല്‍ പരിഹസിച്ചു.

റഫാല്‍ ഇടപാട് വൈകിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം വേണം. അനില്‍ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചത്. പ്രതിരോധമന്ത്രാലയത്തിനു പുറമേ പ്രധാനമന്ത്രിയുടെ ഓഫീസ് എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രധാനമന്ത്രി അഴിമതി നടത്തിയതിയതിന് വ്യക്തമായ തെളിവുണ്ട്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞത് മോദിയെ രക്ഷപ്പെടുത്താനാണ്.

ക്രിമിനല്‍ കേസില്‍ അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസമെന്ന് മനസിലാകുന്നില്ല. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും രാഹുല്‍ ചോദിച്ചു. സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് തെളിവുകള്‍ പുറത്തുകൊണ്ടുവന്നവരെയാണെന്നും മോദിക്കെതിരെ എഴുതാന്‍ ധൈര്യം കാട്ടിയതിനാണ് മാധ്യമങ്ങളെ ശിക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു .