സി പി എമ്മിൽ ഇന്ന് അന്തിമ തീരുമാനം; കൂടുതൽ സിറ്റിംഗ് എം എൽ എമാരെ പരിഗണിക്കുന്നു

Posted on: March 7, 2019 9:09 am | Last updated: March 7, 2019 at 11:20 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി പി എം കൂടുതൽ സിറ്റിംഗ് എം എൽ എമാരെ പരിഗണിക്കുന്നു. ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണിത്. ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ അന്തിമപട്ടിക തയ്യാറാക്കും. അതേസമയം, സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർഥി പട്ടികയിലെ ചില പേരുകളോട് മണ്ഡലം കമ്മിറ്റികൾ വിയോജിപ്പ് അറിയിച്ചു. ചാലക്കുടി, വടകര, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിലേക്കാണ് പുതിയ പേരുകൾ ഉയർന്നിരിക്കുന്നത്. ഈ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും സ്ഥാനാർഥി പട്ടിക അന്തിമമാക്കും.

പി കരുണാകരൻ (കാസർകോട്) ഒഴികെയുള്ള സിറ്റിംഗ് എം പിമാരെയെല്ലാം മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. എന്നാൽ, ചാലക്കുടിയിൽ ഇന്നസെന്റിന് ജയസാധ്യതയില്ലെന്നാണ് പാർലിമെന്റ് മണ്ഡലം കമ്മിറ്റി വിലയിരുത്തിയത്. പരാജയപ്പെട്ടാൽ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന അഭിപ്രായവും യോഗത്തിലുയർന്നു. എ സമ്പത്ത് (ആറ്റിങ്ങൽ), ജോയ്‌സ് ജോർജ് (ഇടുക്കി), എം ബി രാജേഷ് (പാലക്കാട്) പി കെ ബിജു (ആലത്തൂർ), പി കെ ശ്രീമതി (കണ്ണൂർ) എന്നീ സിറ്റിംഗ് എം പിമാരുടെ പേരുകൾ മണ്ഡലം കമ്മിറ്റികൾ അംഗീകരിച്ചു.
കെ എൻ ബാലഗോപാൽ (കൊല്ലം), എ എം ആരിഫ് (ആലപ്പുഴ), പി രാജീവ് (എറണാകുളം) സതീഷ്ചന്ദ്രൻ (കാസർകോട്), വി പി സാനു (മലപ്പുറം) എന്നിവരുടെ കാര്യത്തിലും എതിർപ്പുണ്ടായില്ല. കോട്ടയം സീറ്റിലേക്ക് സിന്ധുമോൾ ജേക്കബിന്റെ പേരാണ് നിർദേശിച്ചിരുന്നതെങ്കിലും വി എൻ വാസവൻ മത്സരിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. മത്സരിക്കാനില്ലെന്ന് വാസവൻ അറിയിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല.

ഒടുവിൽ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. ഒന്നിലധികം പേരുകൾ ഉയർന്ന കോഴിക്കോട്, വടകര സീറ്റുകളുടെ കാര്യത്തിലും മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ധാരണയുണ്ടായി.
എ പ്രദീപ്കുമാർ എം എൽ എയെയാണ് കോഴിക്കോട് കമ്മിറ്റി അംഗീകരിച്ചത്. വടകരയിലേക്ക് പി ജയരാജന്റെ പേരും നിർദേശിച്ചു. പത്തനംതിട്ട സീറ്റ് ഏറ്റെടുത്ത് വീണാജോർജ് എം എൽ എയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മണ്ഡലം കമ്മിറ്റിയിൽ ഉയർന്നത്. പൊതുസ്വതന്ത്രനെ നിർത്തുന്ന പൊന്നാനിയിലേക്ക് എം എൽ എമാരായ വി അബ്ദുർറഹ്മാൻ, പി വി അൻവർ എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്.