ശിലാഫലകത്തില്‍ പേരില്ല; ബിജെപി എംപി ബിജെപി എംഎല്‍എയെ ചെരിപ്പൂരി പൊതിരെ തല്ലി-വീഡിയോ

Posted on: March 6, 2019 10:09 pm | Last updated: March 7, 2019 at 9:31 am

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗത്തിനിടെ ബിജെപി എംപി ബിജെപിയുടെതന്നെ എംഎല്‍എയെ ചെരിപ്പൂരി തല്ലി. നിരവധിപേര്‍ പങ്കെടുത്ത യോഗത്തിനിടെയായിരുന്നു സംഭവം. പ്രാദേശിക റോഡ് പദ്ധതിയുടെ ശിലാഫലകത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതിനാണ് ബിജെപി എംപിയായ ശരത് ത്രിപാഠി ബിജെപി എംഎല്‍എയായ രാകേഷ് സിങ്ങിനെ ചെരിപ്പുകൊണ്ട് തല്ലിയത്.

ശരത് ത്രിപാഠി പലതവണ രാകേഷ് സിങ്ങിനെ അടിക്കുന്നദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ശാന്ത് കബീര്‍ നഗറിലെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ വികസന സമതി യോഗത്തിലാണ് ജനപ്രതിനിധികളുടെ കൈയാങ്കളി. തന്റെ തീരുമാനപ്രകാരമാണ് എംപിയുടെ പേര് ശിലാഫലകത്തില്‍നിന്നും ഒഴിവാക്കിയതെന്ന് എംഎല്‍എ പറഞ്ഞതോടെയാണ് എംപി കാലിലെ ചെരിപ്പൂരി എംഎല്‍എയെ അടിച്ചത്. തുടര്‍ന്ന് എംഎല്‍എയും എംപിയും ഏറ്റ് മുട്ടി. പോലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.