ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും വാഹനാപകടങ്ങളും കുറഞ്ഞു

Posted on: March 6, 2019 9:23 pm | Last updated: March 6, 2019 at 9:23 pm

ഷാര്‍ജ:ക്രമസമാധാന പാലനത്തിലും മയക്കുമരുന്നിനെതിരെയുള്ള നീക്കത്തിലും വാഹനാപകടങ്ങള്‍ കുറക്കുന്നതിലും ഷാര്‍ജ കഴിഞ്ഞ വര്‍ഷം വന്‍ മുന്നേറ്റം നടത്തിയതായി പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി അറിയിച്ചു. വിവിധ പോലീസ് യൂണിറ്റുകളുടെ മേധാവികളുമൊത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇയില്‍ വ്യത്യസ്ത രാജ്യക്കാരും സംസ്‌കാരം വെച്ചുപുലര്‍ത്തുന്നവരും ധാരാളം ആയതിനാല്‍ അതിനനുസരിച്ചുള്ള സമീപനം ഷാര്‍ജ പോലീസ് സ്വീകരിക്കുന്നു. സുതാര്യവും സമഗ്രവുമായാണ് എല്ലാ നടപടികളും കൈക്കൊള്ളുന്നത്. ഷാര്‍ജയില്‍ ജനങ്ങള്‍ക്കുള്ള സുരക്ഷാ സൂചിക 98 ശതമാനത്തില്‍ എത്തിക്കാന്‍ പോലീസിന് കഴിഞ്ഞു. കൊടും കുറ്റകൃത്യ നിരക്ക് ലക്ഷത്തില്‍ 58 മാത്രമാണ്. ഇക്കാര്യത്തില്‍ ലക്ഷ്യം മറികടന്നു 107 ശതമാനം കൈവരിച്ചു. പരാതികളില്‍ 43 ശതമാനം രമ്യമായി പരിഹരിച്ചു. ഇക്കാര്യത്തില്‍ 107 ശതമാനം വിജയം കൈവരിച്ചു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പഠനം നടത്തിയിരുന്നു. കൊടുംകുറ്റകൃത്യങ്ങള്‍ തടയാന്‍ ‘സുരക്ഷാ കവചം, റാസിഡ്’ എന്നിങ്ങനെ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. കൂടാതെ വിപുലമായ ബോധവത്കരണം നടത്തുകയും ചെയ്തു. മയക്കുമരുന്ന് കടത്തു കേസുകള്‍ 61 ശതമാനം കുറഞ്ഞു. റോഡപകടങ്ങള്‍ 21 ശതമാനമാണ് കുറഞ്ഞത്. വാഹനമിടിച്ചുള്ള മരണങ്ങള്‍ 30 ആണ് കഴിഞ്ഞ വര്‍ഷം. 2017ല്‍ 40 ആയിരുന്നു. 445 വാഹനാപകടങ്ങളാണ് നടന്നത്. മലീഹ സ്ട്രീറ്റില്‍ അപകടങ്ങള്‍ 41 ശതമാനം കുറഞ്ഞു. ഗതാഗത സുരക്ഷാ ബോധവല്‍കരണങ്ങള്‍ 23,2716 പേര്‍ക്കാണ് ഗുണം ചെയ്തത്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ശരാശരി 9.6 മിനുട്ട് കൊണ്ട് സംഭവസ്ഥലത്തെത്താന്‍ കഴിഞ്ഞു. യു എ ഇ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച ലക്ഷ്യം 11 മിനുട്ട് ആയിരുന്നു. 3,970 അത്യാഹിതങ്ങളാണ് നടന്നത്. അവിടങ്ങളിലെല്ലാം വേഗത്തില്‍ എത്തി. 999 നമ്പറില്‍ 13,80343 വിളികളാണ് ലഭിച്ചത്. 901 ല്‍ 24,0554 വിളികള്‍ ലഭിച്ചു. ഏറ്റവും ആധുനികമായ സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂം സ്ഥാപിതമായി. വിളിക്കുന്നവരുടെ സ്ഥലം കണ്ടെത്തുന്ന കോര്‍ടെക്‌സ് സംവിധാനമുള്ളതാണ് ഈ കേന്ദ്രം. ഏത് ഭാഷക്കാര്‍ക്കും പോലീസിനെ നേരിട്ട് വിളിക്കാം. മലയാളത്തില്‍ അടക്കം സംസാരിക്കാന്‍ കഴിയുന്നവര്‍ ഷാര്‍ജ പോലീസിലുണ്ട്. 2018ല്‍ ഉപഭോക്തൃ സന്തോഷ സൂചിക ആറ് ശതമാനം വര്‍ധിച്ചു. സാമ്പത്തിക തര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരം ഷാര്‍ജ പോലീസിന്റെ സവിശേഷതയാണ്. 6210 കേസുകള്‍ ഇത്തരത്തില്‍ പരിഹരിച്ചു. 31 കോടി ദിര്‍ഹത്തിന്റെ തര്‍ക്കങ്ങളാണ് പരിഹരിച്ചത്. 323 തടവുകാരുടെ 1.7 കോടി ദിര്‍ഹമിന്റെ സാമ്പത്തിക ബാധ്യതകളാണ് ‘തഫ്‌റീജ് അല്‍ കര്‍ബ്’ എന്ന ജീവകാരുണ്യ പദ്ധതി വഴി പോലീസ് ഏറ്റെടുത്തത്. തടവുകാര്‍ക്ക് കുടുംബത്തോട് വീഡിയോ കോണ്‍ഫ്രന്‍സ് നടത്താം. തടവുകാരുടെ മക്കള്‍ക്ക് മാനസിക വിഷമങ്ങള്‍ ഉണ്ടെങ്കില്‍ കൗണ്‍സിലിംഗ് നടത്തിക്കൊടുക്കുന്നു. ഒരു കുട്ടിയുടെ ഹൃദയശസ്ത്രക്രിയ പോലീസ് സൗജന്യമായി നടത്തിക്കൊടുത്തു. 26 കുട്ടികള്‍ക്ക് വ്യത്യസ്ത ചികിത്സ നല്‍കി. സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ കൂടുതല്‍ ഉദാരത കാണിക്കും. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശാനുസരണമാണിത്. തടവുകാരന്‍ വിദേശി ആണെങ്കിലും കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവിടാന്‍ അനുവാദം നല്‍കും. ഷാര്‍ജ പോലീസിന് നിരവധി പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചതായും മേജര്‍ ജനറല്‍ അറിയിച്ചു.

ഉപമേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍, പോലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റാശിദ് ബിയാത്, റിസോഴ്‌സസ് ആന്‍ഡ് സപ്പോര്‍ട് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ മറി, മീഡിയ ആന്‍ഡ് പബഌക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആരിഫ് ബിന്‍ ഹുദൈബ്, സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അഹ്മദ് സയിദ് അല്‍ നഊര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കെ എം അബ്ബാസ്