പോലീസില്‍ വീണ്ടും അഴിച്ചുപണി: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി നിയമിച്ചു

Posted on: March 6, 2019 8:34 pm | Last updated: March 7, 2019 at 9:31 am

തിരുവനന്തപുരം: കേരള പോലീസില്‍ വീണ്ടും അഴിച്ചുപണി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ അഴിച്ചുപണിയില്‍ എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാരെവരെ സ്ഥലം മാറ്റിയിട്ടുണ്ട്. കേരള പോലീസില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഘടനാ മാറ്റം തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഷെയ്ഖ് ദര്‍വേസ് സാഹിബ് ഉത്തരമേഖല എഡിജിപിയാകും. മനോജ് എബ്രഹാം ദക്ഷിണ മേഖലാ എഡിജിപിയായി തുടരും. അശോക് യാദവ് ഐപിഎസ് തിരുവനന്തപുരം റെയ്ഞ്ച് ഐജിയാകും. ആര്‍ രജ്ഞിത് കുമാര്‍ കണ്ണൂരും ബല്‍റാം കുമാര്‍ തൃശൂര്‍ റെയ്ഞ്ച് ഐജിമാരാകും. ഡിഐജി എസ് സുരേന്ദ്രനാണ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. പകരം എ വി ജോര്‍ജാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. നേരത്തെ വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എവി ജോര്‍ജിനെ ആദ്യം രഹസ്യാന്വേഷണ വിഭാഗത്തിലും തുടര്‍ന്ന് പോലീസ് അക്കാദമിയിലും നിയമച്ചിരുന്നു. എറണാകുളം റൂറല്‍ എസ്പിയാകുന്നതിന് മുമ്പ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ എവി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.