സ്ഥാനാര്‍ഥികളെ ഒമ്പതിന് പ്രഖ്യാപിക്കും; ആരും മുന്നണി വിട്ടുപോകില്ല: കോടിയേരി

Posted on: March 6, 2019 5:54 pm | Last updated: March 6, 2019 at 8:34 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീറ്റിന്റെ പേരില്‍ ആരും മുന്നണി വിട്ടുപോകില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതില്‍ വന്‍ കുംഭകോണം നടന്നിട്ടുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ ഏതറ്റംവരേയും പോകുമെന്നും കോടിയേരി പറഞ്ഞു. കേരളം സൗജന്യമായി നല്‍കിയ സ്ഥലത്താണ് വിമാനത്താവളമുള്ളത്. സ്ഥലം കൈമാറിയപ്പോള്‍ ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല.

വിമാനത്താവള നടത്തിപ്പിലൂടെ യൂസേഴ്‌സ് ഫീ ഇനത്തില്‍ 10700 കോടി ലാഭം ലഭിക്കും. ലാന്‍ഡിങ് ഇനത്തില്‍ 6912 കോടിയും ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. അദാനിക്ക് നടത്തിപ്പ് ചുമതല നല്‍കിയതില്‍ സമഗ്രമായ അന്വേഷണം വേണം. വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയത് അദാനിയെ സഹായിക്കാനാണ്. അദാനിക്ക് വിമാനത്താവളം കൈമാറിയതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ശശി തരൂരാണെന്നും കോടിയേരി ആരോപിച്ചു.