റാഫേൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: March 6, 2019 8:59 am | Last updated: March 6, 2019 at 11:19 am

ന്യൂഡൽഹി: റാഫേൽ യുദ്ധ വിമാന ഇടപാടിൽ കേന്ദ്ര സർക്കാറിന് ക്ലീൻചിറ്റ് നൽകിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയിൽ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേൾക്കുക.

കഴിഞ്ഞ ഡിസംബർ 14ന് റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.ഇത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. യശ്വന്ത് സിൻഹ, അരുൺ ഷൂറി, പ്രശാന്ത് ഭൂഷൻ എന്നിവർ സമർപ്പിച്ച ഹർജി നേരത്തെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ പരിഗണിച്ചാണ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് വ്യക്തമാക്കിയത്. ഉത്തരവിൽ ഉണ്ടായ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

സർക്കാർ മുദ്രവച്ച കവറിൽ തെറ്റായ വിവരം നൽകുകയും അത് തിരുത്തേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തത് പരമോന്നത കോടതിയുടെ പവിത്രതക്ക് മങ്ങലേൽപ്പിച്ചുവെന്നതടക്കമുള്ള വാദങ്ങളാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. സി എ ജി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ സർക്കാറിന് ക്ലീൻ ചീറ്റ് നൽകിയെന്ന് വ്യക്തമാക്കിയാണ് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതെന്നും പുനപ്പരിശോധനാ ഹർജിയിൽ പറയുന്നുണ്ട്.

റാഫേൽ വിമാനം വാങ്ങാനുള്ള കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടില്ലെന്നും ഇതുസംബന്ധിച്ച് ഫ്രാൻസുമായി ഉണ്ടാക്കിയ കരാറിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി നേരത്തെ ഇതു സംബന്ധിച്ച ഹർജികൾ തള്ളിയത്.