‘ബലാകോട്ടില്‍ കൊലപ്പെടുത്തിയത് എത്ര പേരെയാണെന്നറിയണോ, പാക്കിസ്ഥാനില്‍ പോയി എണ്ണിനോക്കൂ’-രാജ്‌നാഥ് സിംഗ്

Posted on: March 5, 2019 9:37 pm | Last updated: March 5, 2019 at 11:57 pm

ദ്രുബി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമറിയാന്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പാക്കിസ്ഥാനില്‍ പോയി എണ്ണിനോക്കണമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്.

‘കൃത്യമായ എണ്ണമറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോവുക. ഇന്ത്യന്‍ വ്യോമസേന എത്ര ഭീകരരെയാണ് വധിച്ചതെന്ന് ജനങ്ങളോടു ചോദിക്കുക’-അസമിലെ ദ്രുബിയില്‍ ബി എസ് എഫ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു. ബലാകോട്ട് ആക്രമണത്തില്‍ എത്ര ഭീകരരെ കൊലപ്പെടുത്തിയെന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് പാക് നേതാക്കള്‍ക്ക് അറിയാം. അല്ലാതെ, കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ എടുക്കണമെന്ന് പറയുന്നത് എന്തൊരു തമാശയാണ്-മന്ത്രി ചോദിച്ചു.
ബലാകോട്ട് വ്യോമാക്രമണത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ ഉള്‍പ്പടെയുള്ള മറ്റ് പര്‍ട്ടി നേതാക്കളും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി പ്രതിപക്ഷ കക്ഷികള്‍ ശക്തമായി ആരോപിച്ചിട്ടുണ്ട്.