അല്‍മഖ്തയില്‍നിന്നും സൗജന്യ ബസ് സര്‍വീസ് തുടങ്ങി

Posted on: March 5, 2019 12:44 pm | Last updated: March 5, 2019 at 12:44 pm

അബുദാബി : അല്‍മഖ്തയില്‍നിന്നും സൗജന്യ ബസ് സേവനം ഹെയ്ല്‍ ആന്‍ഡ് റൈഡ് ആരംഭിച്ചു. അല്‍ഖോര്‍ സ്ട്രീറ്റില്‍നിന്നും ഗതാഗത വകുപ്പ് മുഖ്യ ആസ്ഥാനം വഴി കോ ഓപ്പറേറ്റിവ് സൊസൈറ്റി സൂപ്പര്‍മാര്‍ക്കറ്റ്, അല്‍മഖ്ത റോഡ് 22, അല്‍ഖോര്‍ റൂട്ടുകളില്‍ രണ്ടു ബസുകളാണ് സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടുമായിരിക്കും സേവനം.

ആദ്യത്തെ ബസ് രാവിലെ 6.30നും അവസാന ബസ് രാത്രി 8നുമായിരിക്കും. നിലവില്‍ മുസഫ്ഫ, ഖലീഫ സിറ്റി എന്നിവിടങ്ങലും സൗജന്യ ബസ് സേവനമുണ്ട്. പൊതുഗതാഗത സേവനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മേഖലകളിലേക്ക് സൗജന്യ ബസ് സേവനം ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗത വിഭാഗം അറിയിച്ചു.യാത്രക്കാരുടെ സൗകര്യാര്‍ഥം തൊട്ടടുത്ത ബസ് സ്‌റ്റേഷനിലേക്കും സമീപ പ്രദേശങ്ങളിലേക്കുമാണ് സൗജന്യ സേവനം ലഭ്യമാക്കിയിരിക്കുന്നത്.