Connect with us

National

പഠന വൈകല്യമുള്ള വിദ്യാര്‍ഥികളെ ആക്ഷേപിച്ച മോദി വിവാദക്കുരുക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മാതാവ് സോണിയ ഗാന്ധിയേയും വിമര്‍ശിക്കാന്‍ പഠനവൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെറാഡൂണിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെ പഠന വൈകല്യമുള്ള കുട്ടികളോട് താരതമ്യപ്പെടുത്തി പരിഹസിച്ചത്.

എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഡിസ്ലെക്‌സിയ രോഗബാധിതരായ കുട്ടികള്‍ക്ക് സാങ്കേതിക സഹായം നിര്‍ദേശിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പഠനവൈകല്യം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന് തങ്ങളുടെ പക്കല്‍ ആശയങ്ങളുണ്ട്. ഡിസ്ലെക്‌സിയ ഉള്ള കുട്ടികള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗം കുറവായിരിക്കും, എന്നാല്‍ അവര്‍ ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവരും മികച്ച കഴിവുകളുള്ളവരുമാണ്. താരേ സമീന്‍ പര്‍ എന്ന സിനിമയിലെ പോലെ. ഒരു പെണ്‍കുട്ടി ഇക്കാര്യം വിശദീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇടപെട്ട് 40 മുതല്‍ 50 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഈ ആശയം ഉപകരിക്കുമോയെന്ന് ചോദിച്ച് ചിരിച്ചത്.

കുറച്ചു നേരം വിദ്യാര്‍ഥികള്‍ അമ്പരന്ന് നിന്നെങ്കിലും തുടര്‍ന്ന് വിദ്യാര്‍ഥികളും ചിരിച്ചു. പിന്നീട് വിദ്യാര്‍ഥികള്‍ ചിരി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി ചിരി തുടര്‍ന്നു. ഇതിനിടെ തങ്ങളുടെ ആശയം 40 മുതല്‍ 50 വയസ്സ് വരെയുള്ള ആളുകള്‍ക്ക് ഉപകരിക്കുമെന്ന് മറ്റു വിദ്യാര്‍ഥികളോട് ചോദിച്ച ശേഷം വിദ്യാര്‍ത്ഥിനി മറുപടി പറഞ്ഞു. പ്രധാനമന്ത്രി വീണ്ടും ഇടപെട്ടു. അങ്ങനെയാണെങ്കില്‍ അത്തരത്തിലുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് ഇത് വലിയ സന്തോഷം നല്‍കുമെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും ചിരി തുടങ്ങി. ഈ ചിരിയും പരാമര്‍ശവും രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിക്കാനായിരുന്നുവെന്നാണ് വിമര്‍ശം. പ്രധാനമന്ത്രിയുടെ അസ്ഥാനത്തെ പ്രയോഗങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ രണ്ട് നിലയിലാണ് വിമര്‍ശം ഉയരുന്നത്. ഒന്ന് പഠനവൈകല്യമുള്ള കുട്ടികളെ ആക്ഷേപിച്ചുവെന്ന നിലയിലാണ്. പ്രതിപക്ഷ നേതാക്കളെ മാന്യതയില്ലാതെ വിമര്‍ശിച്ചുവെന്ന തരത്തിലും രൂക്ഷമായ പ്രതികരണങ്ങള്‍ നിറയുന്നുണ്ട്. പഠനവൈകല്യം നേരിടുന്ന വിദ്യാര്‍ഥികളെ പോലും മോദി രാഷ്ട്രീയ എതിരാളികളെ അപമാനിക്കാന്‍ ദുരുപയോഗിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Latest