ഇംഗ്ലണ്ടിനെതിരായ വനിതാ ടി ട്വന്റി പരമ്പര; ആദ്യ അങ്കത്തില്‍ ഇന്ത്യക്കു തോല്‍വി

Posted on: March 4, 2019 4:27 pm | Last updated: March 4, 2019 at 8:14 pm

ഗുവാഹത്തി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നു മത്സര ടി ട്വന്റി പരമ്പരയിലെ ആദ്യ അങ്കത്തില്‍ ഇന്ത്യ 41 റണ്‍സിനു തോറ്റു. ഇംഗ്ലണ്ട് മുന്നോട്ടു വച്ച 160 റണസെന്ന ടോട്ടല്‍ മറികടക്കാന്‍ ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം ആറു വിക്കറ്റ് ബലികഴിച്ച് 119ല്‍ അവസാനിച്ചു.

ടമ്മി ബ്യൂമോന്റ് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്ിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച ടോട്ടല്‍ കെട്ടിപ്പടുത്തത്. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ വ്യാറ്റ്-ബ്യൂമോന്റ് സഖ്യം അടിച്ചുകൂട്ടിയ 89 റണ്‍സ് കളിയില്‍ നിര്‍ണായകമായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ രാധാ യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി. ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോന്നും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഹര്‍ലിന്‍ ഡിയോള്‍ (8), സ്മൃതി മന്ഥാന (2), ജമീമ റോഡ്രിഗ്‌സ് (2), മിതാലി രാജ് (7) എന്നിവരെല്ലാം ഒന്നും ചെയ്യാനാകാതെ മടങ്ങി. ശിഖ പാണ്ഡെ (23), ദീപ്തി ശര്‍മ (പുറത്താകാതെ 22) എന്നിവരാണ് തെല്ലെങ്കിലും പിടിച്ചുനിന്നത്. ശിഖയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനു വേണ്ടി ലിന്‍സെ സ്മിത്തും കാതറിന്‍ ബ്രൂന്റും രണ്ടു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.