Connect with us

Articles

നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?

Published

|

Last Updated

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കകരാഴിക്കോട് പൗരാവലി മുതലക്കുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് ഗൗണ്‍ അണിയിക്കുന്നു

വീടിന്റെ മുകൾ നിലയിലെ റൂമിലിരുന്ന് അയൽക്കാരന്റെ ടെറസിന് മുകളിൽ ആറിയിട്ട തുണികൾ നോക്കി മൂപ്പൻ എന്നും ഭാര്യയോട് പറയും: “ആ പെണ്ണിന് വൃത്തിയില്ല. അലക്കിയിട്ടതിൽ നിറയെ ചെളി കണ്ടില്ലേ?” ഒരു ദിവസം ഭാര്യ ജനലിന്റെ വാതിൽ തുറന്നിട്ടുകൊണ്ട് പറഞ്ഞു: “ഒന്നു നോക്കിയേ, ആറിയിട്ടതിൽ ചേറുണ്ടോ എന്ന്”. മൂപ്പൻ പറഞ്ഞു: ഇന്ന് വൃത്തിയായിട്ടുണ്ട്. അയൽക്കാരന്റെ ഭാര്യക്കല്ല, വൃത്തിയില്ലാത്തത്. മുകൾനിലയിലെ ഈ ജനൽചില്ലുകൾ എത്ര കാലമായി ഒന്നു പൊടി തട്ടിത്തരാൻ നിങ്ങളോട് പറയാൻ തുടങ്ങിയിട്ട്. നിങ്ങൾക്കാണ് വൃത്തിയില്ലാത്തത്.

ഇതുപോലെ പൊടിപിടിച്ച ആ മഞ്ഞക്കണ്ണട മാറ്റിവെച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരങ്ങളെയും പ്രവർത്തനങ്ങളെയും നോക്കിക്കാണാൻ തയ്യാറായാൽ മതി; വിദൂഷക സംഘത്തിന്റെ അസുഖം മാറാൻ സാധ്യതയുണ്ട്. 1978ൽ വാങ്ങിയ, നാൽപ്പത് കൊല്ലം പഴക്കമുള്ള കണ്ണട മാറ്റാൻ ആരെങ്കിലുമൊന്ന് സഹായിക്കണം.

വിവിധ ഇനം വഹാബികൾക്കും മതരാഷ്ട്രവാദികളായ മൗദൂദികൾക്കും കാന്തപുരത്തോടുള്ളത് ആദർശപരമായ വിരോധമാണെങ്കിൽ സമുദായ രാഷ്ട്രീയക്കാരുടെ പ്രശ്‌നം പണ്ഡിതന്മാരെ “കൊട്ടാരം പണ്ഡിതരും” രാഷ്ട്രീയക്കാരുടെ ഏറാൻമൂളികളുമാകുന്നതിന് തടസ്സം നിന്നതിലെ അരിശമാണ്. എന്നാൽ പണ്ഡിതവേഷം ധരിച്ച ചിലരുടെ അസുഖം കളങ്കമില്ലാത്ത അസൂയയാണ്. “നിങ്ങളിൽ നിന്നും ശരിയായ വിശ്വാസം ഉൾക്കൊണ്ടവരെയും മതവിജ്ഞാനം നൽകപ്പെട്ടവരെയും നാം പടിപടിയായി ഉയർത്തും” എന്ന വിശുദ്ധ ഖുർആൻ വചനത്തെക്കുറിച്ച് ഒഴിവ് കിട്ടുമ്പോൾ ഇവരൊക്കെ ആലോചിക്കുന്നത് നന്നാകും. അസൂയയുടെ അസുഖത്തിന് അൽപം ശമനം ലഭിക്കും.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ക്ക് മുതലക്കുളത്ത് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രദീപ് കുമാര്‍ എം എല്‍ എയും കോഴിക്കോട് ബിഷപ്പ് റവ : ഡോക്ടര്‍ തോമസ് പനക്കലും ചേര്‍ന്ന് ഹാരമണിയിക്കുന്നു

1989ൽ ഒരു പാർട്ടി ഓഫീസിൽ വെച്ച് തീരുമാനിച്ചതനുസരിച്ച് മുശാവറയിൽ നിന്ന് പുറത്താക്കി, സമസ്ത കേരള സുന്നീ യുവജന സംഘത്തെ പിരിച്ചുവിട്ട് കഥകഴിക്കാമെന്ന് കരുതി കരുനീക്കമാരംഭിച്ചതു മുതൽ 2019 ഫെബ്രുവരി 24 വരെ ഇവരെല്ലാം ചേർന്ന് ഒരുക്കിയ കെണികളും കുതന്ത്രങ്ങളും എല്ലാ ദോഷൈക ദൃക്കുകളും കൂടിയിരുന്ന് ഒരു പുനർവായന നടത്തുക. ഒരു കാര്യം നിങ്ങൾക്ക് ബോധ്യപ്പെടും. വെറുതേ കല്ലെറിയുകയാണ്. കൈയുളുക്കുകയല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാ കുതന്ത്രക്കാരുടെ മുകളിലും അല്ലാഹുവെന്ന തന്ത്രജ്ഞനുണ്ട്. ഇവരുടെ എതിർപ്പിന്റെ ഊക്ക് നോക്കുമ്പോൾ എന്ന് അസ്തമിച്ചുപോകണം, കാന്തപുരം ഉസ്താദിന്റെ സംരംഭങ്ങൾ?

അര നൂറ്റാണ്ടിലധികമായി ഉസ്താദിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന വൈജ്ഞാനിക, ജീവകാരുണ്യ പ്രവർത്തനങ്ങളും അതിലുപരിയായി സമുദായത്തെ ഒരേ ആദർശ ധാരയിൽ ശാസ്ത്രീയമായി സംഘടിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റവും വിദേശ രാജ്യങ്ങളിൽ മുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങളും പ്രതിവിധികളും ചർച്ചചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ മുൻനിരയിൽ നിന്നുകൊണ്ട് നേതൃപരമായ ഇടപെടലുകൾ നടത്തുന്നതുമെല്ലാം നേരിട്ടനുഭവിച്ചപ്പോൾ, കേരള മാതൃകയിൽ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സുന്നീ മുസ്‌ലിംകൾക്ക് ദിശാബോധം നൽകുന്നതിനു വേണ്ടിയാണ് 2019 ഫെബ്രുവരി 24ന് ഡൽഹിയിലെ രാംലീലാ മൈതാനിയിൽ ഗരീബ് നവാസ് പീസ് കോൺഫ്രൻസിൽ വെച്ച് വിവിധ ആധികാരിക സുന്നീ സൂഫീ ധാരയിലെ പണ്ഡിതന്മാർ ചേർന്ന് ഖമറുൽ ഉലമ കാന്തപുരം ഉസ്താദിനെ ഇന്ത്യൻ ഗ്രാന്റ്മുഫ്തിയായി പ്രഖ്യാപിച്ചത്. ഉസ്താദുമായി നേരത്തെ സൗഹൃദവും അടുത്ത ബന്ധവും പുലർത്തിയിരുന്ന ഗ്രാന്റ്മുഫ്തി അഖ്തർ റസാഖാൻ വിടപറഞ്ഞ ഒഴിവിലേക്കായിരുന്നു ഈ തിരഞ്ഞെടുപ്പ്.


ഈ വാർത്ത ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കാന്തപുരത്തിന്റെ വിമർശകർക്ക് എരിപിരി കൊള്ളാൻ തുടങ്ങിയിരുന്നു. പണ്ടൊരാൾക്ക് ഒരു കോടി രൂപയുടെ അവാർഡ് കിട്ടിയപ്പോൾ ഒരസൂയക്കാരൻ പറഞ്ഞുവത്രേ, “ഇന്ത്യൻ രൂപയല്ലേ, അതിന് മൂല്യമുണ്ടോ അമേരിക്കൻ ഡോളറായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു” എന്ന്. ഇതുപോലെയാണ് ഒരു കടലാസ് സംഘടനയുടെ പേരിൽ രണ്ടാളുകൾ ചേർന്ന് പ്രസ്താവന ഇറക്കിയത്. ബറേൽവികളല്ലേ ഗ്രാന്റ് മുഫ്തിയാക്കിയത് അവർ ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുള്ളവരാണ്, കാന്തപുരത്തിന്റെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരാണ് എന്നൊക്കെ. ബറേൽവി ഗ്രൂപ്പ് പ്രധാന പണ്ഡിത സഭയല്ലെന്നും അവർക്ക് സർക്കാർ അംഗീകാരമില്ലെന്നും പറഞ്ഞ ശേഷം, ഈ പദവി തികച്ചും പ്രാദേശികവും അപ്രധാനവുമായ സ്ഥാനമാണെന്നുമുണർത്തി അണികളുടെ “തെറ്റിദ്ധാരണ” നീക്കുകയാണ് പ്രസ്താവന.

ഓരോ വരിയിലും അസൂയ അരിച്ചിറങ്ങുന്നത് നേരിൽ കാണാവുന്ന ഈ പ്രസ്താവന നടത്തുന്ന ഒരാൾ സുന്നികൾക്കിടയിൽ ഐക്യമുണ്ടാക്കാൻ അവരുടെ പണ്ഡിത സഭ നിശ്ചയിച്ച അഞ്ചംഗ സമിതിയിലെ ഒരംഗമാണെന്ന് കൂടി അറിയുമ്പോൾ, സുന്നീ ഐക്യചർച്ച ലക്ഷ്യത്തിലെത്താൻ താമസിക്കുന്നതിന്റെ കാരണം കൂടിയാണ് സമൂഹം തിരിച്ചറിയുന്നത്.


കേരളത്തിലെ പ്രബല സുന്നീ പണ്ഡിത സഭകൾ തമ്മിൽ ഐക്യ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത് ആർക്കുണ്ടായ ഏത് തെറ്റിദ്ധാരണ നീക്കാൻ വേണ്ടിയാണ്? ഡൽഹിയിൽ വെച്ച് കാന്തപുരത്തെ ഗ്രന്റ്മുഫ്തിയായി പ്രഖ്യാപിച്ചത് കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന ബഹു. ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റായ പണ്ഡിത സഭയുടെ കൂടി അംഗീകാരത്തോടുകൂടിയാണെന്ന് കാന്തപുരം ഉസ്താദോ മുഫ്തിയായി പ്രഖ്യാപിച്ചവരോ പറഞ്ഞിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതാണ്. അതില്ലാത്ത സ്ഥിതിക്ക് ഒരു തരത്തിലും ഈ വിഭാഗത്തെ ബാധിക്കാത്ത ഒരു വിഷയത്തിൽ ഇടപെട്ട്, വളരെയധികം വിട്ടുവീഴ്ചകൾ ചെയ്ത് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ സൗഹൃദാന്തരീക്ഷത്തെ തകർക്കാനുതകുന്ന ഈ പ്രസ്താവന സമസ്ത ഇ കെ വിഭാഗത്തിന്റെ അറിവോടെയാണോ? അതല്ല, ചിലരുടെ അവിവേകമാണോ? ഇതാണ് ആദർശബോധമുള്ള എല്ലാ വിഭാഗം സുന്നികൾക്കും അറിയേണ്ടത്.
പത്രത്തിൽ ലേഖനമെഴുതി വിമർശിച്ച “വൈസ് ചാൻസിലർ” ആദ്യം വിമർശിച്ചവരുടെ അബദ്ധം തിരുത്താനാണെന്ന് തോന്നുന്നു, ബറേൽവി ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം അഹ്മദ് റസാഖാൻ(റ) തങ്ങളും അദ്ദേഹത്തിന്റെ അനുയായികളുമാണ് ഉത്തരേന്ത്യയിലെ ആധികാരിക സുന്നീ സംഘടനകളെന്ന് സമ്മതിക്കുന്നു. എന്നാൽ, ഈ സ്ഥാനാരോഹണം ഡൽഹയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആളു കുറഞ്ഞതിനാൽ കാന്തപുരം പൊട്ടിത്തെറിച്ചപ്പോൾ, ആ രോഷം കുറക്കാൻ അവിടെ വെച്ച് തട്ടിക്കൂട്ടിയതാണത്രേ. തീരെ നിലവാരമില്ലാത്ത ആരോപണമാണ് ഇദ്ദേഹം ഉന്നയിച്ചത് എന്നാരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ പറ്റില്ല. പൊട്ടിത്തെറിക്കുമ്പോൾ രോഷം കുറയ്ക്കാനുള്ള നടപടി!

സുന്നീ ആദർശബോധമുള്ളവർ ഒരു കാര്യം ഓർക്കുക. 90 ലക്ഷമാണ് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ. ഇവർക്കിടയിലാണ് ഈ സംഘടനകളെല്ലാം പ്രവർത്തിക്കുന്നത്. ഇതിൽ ആണും പെണ്ണും വേർതിരിച്ച് കുട്ടികളെയും വയോധികരെയും മാറ്റി നിർത്തി പ്രവർത്തനത്തിനിറങ്ങുന്നവരുടെ കണക്കെടുത്താൽ ഇതിന്റെ മൂന്നിലൊന്ന് പോലും വരില്ല. ഇത്രയും ചെറിയ മാനവവിഭവശേഷി ഉപയോഗിച്ച് നാം വിവിധ സംഘടനകളായി പ്രവർത്തിച്ചിട്ടും സമുദായത്തിന് വൻ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.


ഇന്ത്യൻ മുസ്‌ലിംകളിലെ 15 കോടിയിലേറെ താമസിക്കുന്നത് ഉത്തരേന്ത്യയിലാണ്. അവർക്ക് കേരളത്തിലേത് പോലെ ഒരു നേതൃത്വവും സംഘടിത സംവിധാനവുമുണ്ടായാൽ അത് ഇന്ത്യൻ മുസ്‌ലിംകളുടെ ഒരു കുതിപ്പിനും മുന്നേറ്റത്തിനും വഴിയൊരുക്കും. ആദർശപരമായി അവരിൽ 90 ശതമാനവും സുന്നികളാണ്. മറ്റൊന്ന്, വൈജാത്യങ്ങളുണ്ടെങ്കിലും ഈ ആദർശധാരയിൽ അണിനിരത്തി, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു സുവർണാവസരമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്.
ഈ അവസരം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം പഴയ വൈരാഗ്യങ്ങൾ പൊടിതട്ടിയെടുത്ത് വീണ്ടും നമ്മുടെ സമുദായാന്തരീക്ഷം കലുഷിതമാക്കേണ്ടതുണ്ടോ എന്ന് ഇവരുടെ പണ്ഡിത നേതൃത്വം ചിന്തിക്കണം. എടുത്തുചാടി പ്രസ്താവനാ യുദ്ധം നടത്തുന്നവരെ നിയന്ത്രിക്കാനാകുമോ എന്ന് ആലോചിക്കണം. ഇനി, ഈ വസ്തുതകളൊക്കെ ശരിയാണ്, കാന്തപുരമായിപ്പോയി ഈ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് പ്രശ്‌നമെങ്കിൽ ഉത്തരേന്ത്യക്കാർക്ക് കൂടി തൃപ്തനും പരിചയക്കാരനുമായ ഒരു പണ്ഡിതനെ നിങ്ങൾ മുന്നോട്ടുവെക്കുക. എടുത്താൽ തീരാത്ത ദൗത്യങ്ങൾ ഏറ്റെടുത്തത് തന്നെയുണ്ട് അദ്ദേഹത്തിന്.

അങ്ങനെയൊരാളെ മുന്നോട്ട് വെക്കാനില്ലെങ്കിൽ, ഒരു സഹായവും ചെയ്തില്ലെങ്കിലും സമുദായത്തെ ഓർത്ത്, ചേരിയിലും ചാളയിലും കഴിയുന്ന, റിക്ഷയുന്തി ശരീരം ശോഷിച്ചപോയ ഉത്തരേന്ത്യൻ പാവം മുസ്‌ലിംകളെ ഓർത്ത് ശല്യപ്പെടുത്താതിരുന്നാൽ അതായിരിക്കും ഈ സമുദായത്തോട് ചെയ്യാവുന്ന വലിയ ഉപകാരം.

റഹ് മത്തുല്ല സഖാഫി എളമരം