ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: വിവരം നല്‍കിയ ഡോക്ടറുടേയും ഭാര്യയുടേയും വീടുകളില്‍ റെയ്ഡ്

Posted on: March 4, 2019 12:28 pm | Last updated: March 4, 2019 at 2:02 pm

കൊച്ചി:നടി ലീന മരിയപോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് കേസില്‍ അന്വേഷണ സംഘം കൊല്ലത്തും കാസര്‍കോടും റെയ്ഡ് നടത്തി. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് സംശിയിക്കുന്ന ഡോക്ടറുടേയും ഭാര്യയുടേയും വീടുകളിലാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്.

നടിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതും കൊച്ചിയില്‍ താമസിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തതും ഇരുവരുമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് നടക്കുന്നതിന് മുമ്പ് അധോലോക കുറ്റവാളി രവി പൂജാരി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്ന് വിവരം പുറത്തുവന്നിരുന്നു. അന്ന് വിവരം നല്‍കിയത് ഈ ഡോക്ടറായിരുന്നു. എന്നാല്‍ പിന്നീട് ഡോക്ടര്‍ വ്യത്യസ്തമായി പ്രതികരിച്ചതാണ് അന്വേഷണ സംഘത്തിന് ഇയാളില്‍ സംശയം ജനിപ്പിച്ചത്.

കേസില്‍ അടുത്ത ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് റെയ്ഡ്. രവി പുജാരിയെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.