നിരപരാധികളില്‍ തീവ്രവാദ മുദ്ര!

Posted on: March 4, 2019 6:01 am | Last updated: March 3, 2019 at 11:53 pm

തീവ്രവാദവും ഭീകരപ്രവർത്തനവും ആരോപിച്ച് നിരപരാധികളെ തുറുങ്കിലടക്കുകയും വർഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന നീതിന്യായ രംഗത്ത മോശം പ്രവണത രാജ്യത്ത് തുടരുകയാണ്. ബാബ്‌രി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് മുംബൈയിൽ നടന്ന ലഹളക്ക് പകരം വീട്ടാൻ സ്‌ഫോടനം ആസൂത്രണം ചെയ്യുകയും ആയുധപരിശീലനം നേടുകയും ചെയ്തുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം തടവുകാരെ നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയക്കുകയുണ്ടായി കഴിഞ്ഞ ദിവസം. നീണ്ട 25 വർഷത്തിന് ശേഷമാണ് ഇവർക്കെതിരെ തെളിവില്ലെന്നും ചട്ടങ്ങൾ ലംഘിച്ചാണ് ഭീകര വിരുദ്ധ നിയമം ചുമത്തിയതെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ടാഡ കോടതി ജഡ്ജി എസ് സി ഖാതി 11 പേരെ വെറുതെ വിട്ടത്. ഭൂസാവലിലുള്ള വൈദ്യുതി നിലയം, റെയിൽവേ സ്റ്റേഷൻ, സൈനിക ആയുധപ്പുര എന്നിവ തകർക്കാൻ പദ്ധതിയിട്ടെന്ന കുറ്റംചാർത്തി ‘ഭുവാസൽ അൽ ജിഹാദ്’ എന്ന സംഘടനയിലെ അംഗങ്ങളാണെന്ന പേരിൽ 1994 മെയ് 28നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു പോലീസ് കോടതിയിൽ സമർപ്പിച്ച ഏക തെളിവ്. ബലപ്രയോഗത്തിലൂടെയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കുറ്റസമ്മതം കോടതിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നത് അവരുടെ വാദത്തെ തുണക്കുകയും ചെയ്തു. മോചിതരായെങ്കിലും ഇവർക്ക് ജീവിതത്തിന്റെ വലിയൊരു പങ്കാണ് നഷ്ടമായത്. ഭീകരവാദികളെന്ന പോലീസ് മുദ്ര അവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. കുടുംബങ്ങളും ഏറെ സഹിച്ചു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയുടെയോ തീവ്രവർഗീയതയുടെയോ പേരിൽ നഷ്ടപ്പെട്ട ജീവിതം ഈ ഹതഭാഗ്യർക്ക് ആര് തിരിച്ചു നൽകുമെന്ന ചോദ്യം നമ്മുട നീതിന്യായ വ്യവസ്ഥയുടെ മുമ്പിൽ ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഇവർക്കെതിരായ കോടതി നടപടികൾ അനിശ്ചിതമായി നീണ്ടു പോകവെ 2016 നവംബറിൽ സുപ്രീം കോടതി ഇടപെടുകയും കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് ഉത്തരവിടുകയും ചെയതതിനെ തുടർന്നാണ് ഇപ്പോഴെങ്കിലും വിധിയുണ്ടായത്.

1993ൽ നടന്ന സൂറത്ത് ഇരട്ട സ്‌ഫോടനക്കേസിൽ ടാഡ കോടതി 10 വർഷം മുതൽ 20 വർഷം വരെ തടവിന് വിധിച്ച 11 നിരപരാധികളെ 2014 ആഗസ്റ്റിൽ സുപ്രീം കോടതി വെറുതെ വിട്ടിരുന്നു. ഒരു പെൺകുട്ടി കൊല്ലപ്പെടുകയും 31 പേർക്ക് പരുക്കേൽക്കുകയും ചെയ്ത അന്നത്തെ സ്‌ഫോടനം ബാബരി ധ്വംസനത്തിനും സൂറത്ത്് കലാപത്തിനുമുള്ള പ്രതികാരമായി നടത്തിയതാണെന്ന നിഗമനത്തിലാണ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചിരുന്നത്. ഗുജറാത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ മുഹമ്മദ് സൂറതിയും ഉൾപ്പെട്ടിരുന്നു പ്രതികളിൽ. എന്നാൽ സുപ്രീം കോടതി ഇവർ നിരപരാധികളാണെന്ന് കണ്ടെത്തി. 1997ലെ കരോൾബാഗ് സ്‌ഫോടനത്തിലെ പ്രതി അബ്ദുൽ കരീം തുണ്ടയെയും നാലര വർഷത്തിന് ശേഷം 2011 മെയ് മാസത്തിൽ സെഷൻസ് കോടതി വെറുതെ വിടുകയാണുണ്ടായത്. അന്വേഷണത്തിന്റെ മുഴുവൻ ഘട്ടത്തിലും പ്രതികളെ കുറ്റക്കാരാക്കാൻ ദുരൂഹമായ നീചമാർഗങ്ങൾ പോലീസ് അവലംബിച്ചതായി കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. മാലേഗാവ് സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്ത എട്ട് മുസ്‌ലിം ചെറുപ്പക്കാർ, സബർമതി തീവണ്ടി സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട കാശ്മീരുകാരനായ ഗുൽസാർ അഹമ്മദ് വാനി, ബാബരി മസ്ജിദ് തകർത്തതിന്റെ ഒന്നാം വാർഷികത്തിൽ നടന്ന സ്‌ഫോടനത്തിലെ പ്രതി നിസാർ ഉദിൻ മുഹമ്മദ് തുടങ്ങി നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയച്ചവരുടെ എണ്ണം നിരവധിയാണ്.

ഇതെല്ലാം സ്വാഭാവികമായി സംഭവിച്ച പിഴവുകളാണോ? അറസ്റ്റിലായ നിരപരാധികളുടെ എണ്ണം പരിശോധിച്ചാൽ അങ്ങന വിശ്വസിക്കാൻ പ്രയാസമുണ്ട്. വിവരാവകാശ പ്രവർത്തകൻ ഗോപാൽ പ്രസാദ് നൽകിയ ഹരജിക്ക് ലഭിച്ച മറുപടി പ്രകാരം 2005നും 2010നും ഇടയിൽ ഇത്തരത്തിൽ 174 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 119 പേരേയും പൂർണമായും നിരപരാധികളെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയാണുണ്ടായത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 14.2 ശതമാനമാണ്.

അതേസയമം, വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട മുസ്‌ലിംകളുടെ അനുപാതം 16.38 ശതമാനവും വിചാരണത്തടവുകാരുടെ അനുപാതം 21.05 ശതമാനവുമാണ്. മൊത്തം തടവുകാരിൽ 26.4 ശതമാനം വരും മുസ്‌ലിംകളുടെ എണ്ണം. 2015-ൽ നാഷനൽ െ്രെകം റെക്കോർഡ്‌സ് ബ്യൂറോയെ ഉദ്ധരിച്ച് ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി പാർലിമെന്റിൽ നൽകിയ മറുപടി അനുസരിച്ച്, 2014 അവസാനത്തിലെ കണക്ക് പ്രകാരം രാജ്യത്തെ മുസ്‌ലിം തടവുകാരുടെ എണ്ണം 82,190 വരും. ക്രിമിനലുകളുടെ പട്ടികയിൽ മുസ്‌ലിംകളുടെ നിരക്ക് ഇങ്ങനെ ഉയർന്നു നിൽക്കുന്നത് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുസ്‌ലിംകൾ മുൻപന്തിയിലായതു കൊണ്ടല്ല,അന്വേഷണ ഉദ്യോഗസ്ഥർ കാണിക്കുന്ന അനീതിയാണെന്ന് ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവനകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലീം യുവാക്കൾ അകാരണമായി പൊലീസിനാൽ പീഡിപ്പിക്കപ്പെടുന്നതായും അന്യായമായി തടവിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും യു പി എ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു സുഷീൽ കുമാർ ഷിൻഡെ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.
വ്യാജ കേസുകളാണെന്ന് തെളിഞ്ഞിട്ടും നിരപരാധികൾക്കെതിരെ ഇല്ലാത്ത കുറ്റങ്ങൾ അടിച്ചേൽപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരൊറ്റ പൊലീസ് ഉദ്യോഗസ്ഥനും ഭരണരാഷ്ട്രീയ നേതൃത്വവും ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ സംശയം ജനിപ്പിക്കുകയും വിശ്വാസ്യതയെ തകർക്കുകയും ചെയ്യും.