അതിര്‍ത്തിയിലെ സംഘര്‍ഷം: ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നു

Posted on: March 3, 2019 10:34 pm | Last updated: March 4, 2019 at 9:33 am

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്താനായി ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്‍, അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ് വാരയില്‍ ശനിയാഴ്ച മുതല്‍ തുടരുന്ന ഏറ്റ്മുട്ടലില്‍മരിച്ച രണ്ട് തീവ്രവാദികളും ലശ്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരാണെന്നും ഇതിലൊരാള്‍ പാക്ക് പൗരനാണെന്നും കണ്ടെത്തിയിരുന്നു. ഏറ്റ് മുട്ടിലില്‍ ആറ് സൈനികരും വീരമൃത്യു വരിച്ചു. അതിര്‍ത്തിയിലിപ്പോഴും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. രജൗരി, കൃഷ്ണഘാട്ടി , പൂഞ്ച് സെക്ടറുകളില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നത്.