എംകെ രാഘവന്റെ പ്രചാരണ യാത്രക്ക് മറുപടി പറയാന്‍ സിപിഎം രംഗത്തിറക്കിയത് എ പ്രദീപ് കുമാറിനെ

Posted on: March 3, 2019 8:07 pm | Last updated: March 3, 2019 at 8:07 pm

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥി എംകെ രാഘവന്റെ പ്രചാരണ യാത്രക്ക് മറുപടി പറയാന്‍ സിപിഎം രംഗത്തിറക്കിയത് എ പ്രദീപ് കുമാര്‍ എംഎല്‍എയെ . ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോഴിക്കോട് മോചന യാത്രയെന്ന പേരില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ യാത്രയെന്നത് ശ്രദ്ധേയമാണ്. അതേ സമയം യാത്രക്ക് സ്ഥാനാര്‍ഥിത്വവുമായി ബന്ധമില്ലെന്നാണ് ജില്ലയിലെ സിപിഎം നേതൃത്വം പ്രതികരിക്കുന്നത്.

രാഘവന്റെ പ്രചാരണ യാത്ര മണ്ഡലത്തില്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയതിനെ പിറകെയാണ് സിപിഎമ്മും യാത്രയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രാഘവന്‍ ജനഹൃദയ യാത്രയിലൂടെ മണ്ഡലത്തിന്റെ മുക്കിലും മൂലിയിലുംവരെയെത്തി വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഘവന്റെ പോക്കിന് തടയിടാനാണ് തിടുക്കത്തില്‍ മറ്റൊരു യാത്രയുമായി സിപിഎം രംഗത്തിറങ്ങിയിരിക്കുന്നത്. വികസന നേട്ടങ്ങളെന്ന എംപിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കാണിക്കാനാണ് യാത്രയില്‍ പ്രദിപ് കുമാര്‍ എംഎല്‍എ ശ്രമിക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലായി നാല് ദിവസത്തെ പ്രചാരണ യാത്രയാണ് എംഎല്‍എ നടത്തുന്നത്.