ദുബൈ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 58.9 കോടി യാത്രക്കാര്‍

Posted on: March 3, 2019 7:38 pm | Last updated: March 3, 2019 at 7:38 pm

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 58.9 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ കീഴിലുള്ള ദുബൈ മെട്രോ, ട്രാം, ബസ്, മറൈന്‍ ഗതാഗത സ്മാര്‍ട് റെന്റല്‍ കാര്‍, ദുബൈ ടാക്‌സി എന്നിവ ഉപയോഗിച്ചത്. 2017ല്‍ 56.9 കോടി യാത്രക്കാരാണ് ദുബൈയിലെ പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിച്ചിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

2018 ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത്. 5.24 കോടി യാത്രക്കാരാണ് ഡിസംബറില്‍ മാത്രം ആര്‍ ടി എയുടെ ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചത്. ദുബൈ മെട്രോയില്‍ 1.82 കോടിയും ദുബൈ ടാക്‌സികളില്‍ 1.54 കോടിയും യാത്ര നടന്നു. 1.47 കോടി യാത്രക്കാര്‍ ദുബൈ ബസുകളിലും 21 ലക്ഷം യാത്രക്കാര്‍ വിവിധ റെന്റല്‍ കാറുകളിലും ഡിസംബറില്‍ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരില്‍ 35 ശതമാനവും ദുബൈ മെട്രോയെയാണ് ആശ്രയിച്ചത്. 30 ശതമാനം പേര്‍ ആശ്രയിച്ചത് ദുബൈ ടാക്‌സികളെയാണ്. ദുബൈ ബസുകളില്‍ യാത്രചെയ്തവര്‍ മൊത്തം യാത്ര ചെയ്തവരുടെ 29 ശതമാനം വരും. ദുബൈ മെട്രോക്ക് കീഴിലെ ചുവപ്പ്, പച്ച പാതകളില്‍ 20.44 കോടി പേരാണ് കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്. അതേസമയം 2017ല്‍ ഇത് 20.08 കോടി യാത്രക്കാര്‍ ആയിരുന്നു. ചുവപ്പ് പാതയില്‍ മാത്രം 13.24 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം യാത്രചെയ്തത്. പച്ചപ്പാതയില്‍ ഇത് 72 ലക്ഷമായിരുന്നു.

ദുബൈ മള്‍ടി കമ്മോഡിറ്റീസ് സെന്റര്‍ സ്റ്റേഷനായിരുന്നു ചുവപ്പ് പാതയില്‍ ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍. 1.08 കോടി യാത്രക്കാരാണ് ഇതുവഴി കടന്ന് പോയത്.
നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷന്‍ റൂട്ട് 2020യുടെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതാണ് ഈ സ്റ്റേഷനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അല്‍ റിഗ്ഗ സ്റ്റേഷന്‍ യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ടു പിറകിലുണ്ട്. പച്ചപ്പാതയില്‍ അല്‍ ഫഹീദി സ്റ്റേഷനിലൂടെയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്ന് പോയത്. 81 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ഈ സ്റ്റേഷന്‍ ഉപയോഗിച്ചത്.