Connect with us

Gulf

ലോകസമാധാനം ഉറപ്പുവരുത്തണം: ഒ ഐ സി

Published

|

Last Updated

ദുബൈ: ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ മുന്നിട്ടിറങ്ങിയ യു എ ഇ സായുധ സേനാ ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രശംസ. ഇതടക്കം ഏഷ്യയിലും ആഫ്രിക്കയിലും സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആഹ്വാനത്തോടെ സമ്മേളനം സമാപിച്ചു. ഇന്ത്യന്‍ പൈലറ്റിനെ ഇന്ത്യക്കു കൈമാറി സംഘര്‍ഷം ലഘൂകരിക്കാന്‍ തയാറായ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സമ്മേളനം പ്രശംസിച്ചു.

ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ ഇസ്ലാമിക് കൗണ്‍സില്‍ രാഷ്ട്രങ്ങളോട് യു എ ഇ ആവശ്യപ്പെട്ടു. ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാതലത്തില്‍, മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്തു. ഒ ഐ സിക്ക് ഇതിനായി നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് യു എ ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പറഞ്ഞു. കൗണ്‍സിലിലെ 56 രാഷ്ട്രപ്രതിനിധികളും അഞ്ച് നിരീക്ഷകരാജ്യ പ്രതിനിധികളും ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് അല്‍ ഒതൈമീനും പങ്കെടുത്തു.

ഒ ഐ സിയുടെ അന്‍പതാം വാര്‍ഷികം കൂടിയായ ഇത്തവണത്തെ സമ്മേളനത്തില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ഭീകരവാദവും തീവ്രവാദവും ഇല്ലായ്മചെയ്യാന്‍ കൈക്കൊള്ളേണ്ട മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമായി.
സാമ്പത്തികം, മാനവികം, ശാസ്ത്രം, സാങ്കേതികം, നിയമം, മാധ്യമം, ഭരണം തുടങ്ങിയ രംഗങ്ങളിലെല്ലാമുള്ള ഒ ഐ സിയുടെ 2025 പദ്ധതി രൂപരേഖയും സമ്മേളനത്തില്‍ വിശദമാക്കി. ദശലക്ഷക്കണക്കിന് മുസ്ലിംകള്‍ വസിക്കുന്ന രാജ്യം എന്നതിനപ്പുറം ലോക രാഷ്ട്രീയരംഗങ്ങളില്‍ പുലര്‍ത്തുന്ന ഔന്നത്യം കൂടിയാണ് അതിഥിരാഷ്ട്രമായി ഇന്ത്യയെ പരിഗണിക്കാനുള്ള കാരണമെന്നും ഒ ഐ സി വ്യക്തമാക്കി. നാല്‍പത് വര്‍ഷത്തിലധികമായി ഇന്ത്യ ഭീകരവാദത്തിനെതിരേ പടപൊരുതുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. ഇതിനെതിരെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയെ ഒ ഐ സി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനോടു പ്രത്യേകം നന്ദി പറഞ്ഞു. യു എ ഇയെ ഏറെ പ്രശംസിക്കുകയും ചെയ്തു. മഹത്തായ പൈതൃകവും സംസ്‌കാരവുമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. ഇസ്ലാമിക അന്തസ്സത്ത ഏറെയുള്ള ഇന്ത്യ രാജ്യാന്തര നിലവാരമുള്ള രാഷ്ട്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 4 വര്‍ഷമായി യുഎഇയുമായി ബന്ധം ശക്തമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളോട്, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ മേഖലയോടു മുഴുവന്‍ ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. ഒരു രാജ്യത്തിന് എങ്ങനെ ശക്തമായി പുരോഗതിയിലേക്ക് നീങ്ങാമെന്ന് യു എ ഇ കാണിച്ചുതരുന്നു. വിശാല ദര്‍ശനം, ലോകത്തോടുള്ള തുറന്ന കാഴ്ചപ്പാട്, സാങ്കേതിക വിദ്യയുടെയും മനുഷ്യവിഭവശേഷിയുടെയും ഉപയോഗം, കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചുറ്റുമുള്ള സംസ്‌കാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന പരിസ്ഥിതി, ഇതെല്ലാമാണ് ഇതിന് കാരണങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മാലദ്വീപ്, ബംഗ്ലദേശ്, സഊദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി സുഷമ കൂടിക്കാഴ്ച നടത്തി.