Connect with us

Ongoing News

27 പന്തില്‍ 77; ഗെയിലേറ്റ് ഇംഗ്ലണ്ട് കരിഞ്ഞു

Published

|

Last Updated

സെന്റ് ലൂസിയ: ക്രിസ് ഗെയില്‍ ഒരിക്കല്‍ക്കൂടി ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ഗെയിലിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 27 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒമ്പത് സിക്‌സും സഹിതം ഗെയില്‍ 77 റണ്‍സ് വാരിക്കൂട്ടി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലായി. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിന്‍ഡീസ് ബൗളര്‍മാരുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. 28.1 ഓവറില്‍ 113 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട്. 23 റണ്‍സ് വീതമെടുത്ത ഹെയില്‍സും ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്.  5.1 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ഒഷാനെ തോമസാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ലക്ഷ്യം ചെറിയ സ്‌കോറാണെങ്കിലും ഒരുദയാദാക്ഷിണ്യവുമില്ലാതെ ഇംഗ്ലണ്ട് ബോളര്‍മാരെ ഗെയില്‍ എടുത്തിട്ട് പെരുമാറി. ഓപണര്‍ ജോണ്‍ കാംബല്‍ ഒരു റണ്‍സെടുത്ത് പുറത്തായെങ്കിലും ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ വേഗതകുറക്കുന്നതായിരുന്നില്ല അതൊന്നും. വെറും 19 പന്തില്‍ മൂന്നു ബൗണ്ടറിയും ആറു സിക്‌സും സഹിതം ഗെയ്ല്‍ അര്‍ധസെഞ്ചുറി പിന്നിട്ടു. ഒടുവില്‍ സ്‌കോര്‍ ടീം സ്‌കോര്‍ 93ല്‍ നില്‍ക്കെ മാര്‍ക്ക് വുഡിന്റെ പന്തില്‍ ബൗള്‍ഡായി ഗെയില്‍ മടങ്ങി. വിന്‍ഡീസ് 13ാം ഓവറിന്റെ ആദ്യ പന്തില്‍ വിജയറണ്‍ നേടുമ്പോള്‍ ഏഴ് റണ്‍സുമായി ഡാരന്‍ ബ്രാവോയും 11 റണ്‍സുമായി ഹെറ്റ്‌മെയ്‌റുമായിരുന്നു ക്രീസില്‍. 227 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് വിജയത്തിലെത്തിയത്. ഇതൊരു ലോക റെക്കോര്‍ഡാണ്.

ഒഷാനെ തോമസാണ് കളിയിലെ കേമന്‍. ഗെയ്ല്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തില്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഗെയില്‍ സ്വന്തം പേരിലാക്കി. പുരസ്‌കാരം നേടുമ്പോള്‍ 39 വര്‍ഷവും 159 ദിവസവുമാണ് ഗെയ്‌ലിന് പ്രായം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 39 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോഴാണ് താഹിര്‍ ഈ നേട്ടത്തിലെത്തിയത്.