ഉത്തരവ് കാത്ത് എൻഡോസൾഫാൻ ഇരകൾ

ദി ISSUE
Posted on: March 3, 2019 11:48 am | Last updated: March 3, 2019 at 11:48 am

കാസർകോട് ജില്ലയിൽ മാത്രം 27 പഞ്ചായത്തുകളെയും മൂന്ന് മുനിസിപ്പാലിറ്റികളെയും എൻഡോസൾഫാൻ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് വേളകളിൽ പല ആവശ്യങ്ങളുയർത്തി എൻഡോസൾഫാൻ ഇരകൾ രംഗത്തെത്താറുണ്ടെങ്കിലും കാര്യമായ പരിഗണന ലഭിക്കാറില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ കണക്ക് പ്രകാരം 6,212 പേരാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് പതിനായിരത്തോളം വരുമെന്നാണ് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ പറയുന്നത്.

ആദ്യഘട്ടത്തിൽ ഈ കണക്കനുസരിച്ചുള്ള ധനസഹായവും ചികിത്സാസഹായവും ലഭിച്ചെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. 2017ൽ അകാരണമായി രണ്ടായിരം പേരെ പട്ടികയിൽ നിന്ന് പുറത്താക്കിയത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. 2010ൽ നടന്ന മെഡിക്കൽ ക്യാമ്പിൽ പരിശോധിച്ച് രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരെയെല്ലാം ചേർത്താണ് ഏഴായിരത്തോളം പേർ ഇരകളാണെന്ന് കണ്ടെത്തിയത്. ആ പട്ടികയാണ് 2017ൽ അട്ടിമറിക്കപ്പെട്ടത്.

ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിൽ മാറാരോഗങ്ങളും ജനിതക വൈകല്യങ്ങളും ബാധിച്ച കുട്ടികളുമുണ്ടായിരുന്നു. ഒഴിവാക്കപ്പെട്ടവരെ തിരിച്ചെടുത്ത് പട്ടിക പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ഇരകളുടെ അമ്മമാരും സമര സമിതിയും നിരവധി പ്രക്ഷോഭങ്ങളാണ് നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ അടുപ്പുകൂട്ടൽ സമരം വരെ നടത്തി. പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിൽ സമരം നിർത്തിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

2017ൽ അയ്യായിരം പേർക്ക് അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം 1,350 പേർക്കാണ് ഇതുവരെ അഞ്ച് ലക്ഷം രൂപ ലഭിച്ചത്. 1,315 പേർക്ക് മൂന്ന് ലക്ഷം രൂപയും ലഭിച്ചു.
ഏറ്റവുമൊടുവിൽ കാസർകോട്ടെ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ 2019 ജനുവരി മുപ്പത് മുതൽ ഫെബ്രുവരി നാല് വരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങളെയും കൊണ്ടുള്ള സമരത്തിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തക ദയാഭായി അധികാരികളുടെ നയങ്ങളെ നിശിതമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടമാർച്ചും നടത്തി. ഒഴിവാക്കപ്പെട്ട ഇരകളെ ഉൾപ്പെടുത്തി പട്ടിക വീണ്ടും വിപുലീകരിക്കണമെന്നും കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി ഇരകളുടെ എണ്ണം കണക്കാക്കണമെന്നുമായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഉറപ്പ് ഇനിയും ഉത്തരവായിട്ടില്ല.

സാമൂഹികക്ഷേമ വകുപ്പ് മുഖാന്തരമാണ് ഇതുസംബന്ധിച്ച ഫയലുകൾ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തേണ്ടത്. മുഖ്യമന്ത്രി ഒപ്പിട്ടാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാകുകയുള്ളൂ. തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ഇരകളുടെ നിലപാട് വിധിയെഴുത്തിലൂടെ അറിയിക്കുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. സർക്കാറിന്റെ കഴിഞ്ഞ ബജറ്റിൽ എൻഡോസൾഫാൻ ഇരകളുടെ ക്ഷേമത്തിന് അമ്പത് കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിന്റെ ഗുണഫലം ഇരകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കുറി ഇരുപത് കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളുടെ പുനരധിവാസം, ചികിത്സ, മറ്റ് ക്ഷേമപദ്ധതികൾ എന്നിവക്കാണ് തുക നീക്കിവെച്ചത്.

ബദിയടുക്ക, എൻമകജെ, ബെള്ളൂർ, കുമ്പടാജെ, കാറടുക്ക, മുളിയാർ, അജാനൂർ, പനത്തടി, കള്ളാർ, കയ്യൂർ-ചീമേനി, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ മാത്രമാണ് സർക്കാർ രേഖകൾ പ്രകാരം എൻഡോസൾഫാൻ ഇരകളുള്ളത്. എന്നാൽ, പള്ളിക്കര, ചെങ്കള, കോടോം-ബേളൂർ പഞ്ചായത്തുകളിൽ നിന്നും ഇരകൾ മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കാറുണ്ട്. ഈ പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന നൽകാനോ സഹായങ്ങൾ ലഭ്യമാക്കാനോ ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നില്ലെന്ന് പീഡിതമുന്നണി കുറ്റപ്പെടുത്തുന്നു.

 

ടി കെ പ്രഭാകരൻ