Connect with us

Prathivaram

ഉത്തരം

Published

|

Last Updated

റെയിൽവേ സ്റ്റേഷനിലെ ചാരുകസേരയുടെ പരിധി വിട്ട് ഊര താഴേക്ക് ഊർന്നിറങ്ങാൻ തുടങ്ങുന്നതിന് മുമ്പുള്ള പാതിമയക്കത്തിലാണ് പത്മന് കുറച്ചു ദിവസമായി തന്നെ അലട്ടിയിരുന്ന ഒരു ആശങ്കക്ക് സമാധാനം കിട്ടിയത്. ഉത്തരമില്ലാത്ത സമസ്യയായി ഹൃദയത്തിന് ഭാരമുണ്ടാക്കിയ ആണിക്കല്ല് ഇളകിത്തെറിച്ചതായി അയാൾക്ക് അനുഭവപ്പെട്ടു. ദിവ്യവെളിപാട് കിട്ടിയതുപോലെ അദൃശ്യമായൊരു ഊർജം വലിച്ചെടുത്ത് അയാൾ ചാടിയെഴുന്നേറ്റു. പശ്ചാത്തലത്തിൽ ബഹുദൂര ട്രെയിനുകളുടെ ആഗമനനിർഗമന വിവരങ്ങൾ അവ്യക്തമായി കേൾക്കാം.

പ്രധാന കവാടത്തിനെതിരെയുള്ള, എളുപ്പത്തിൽ ബസ് സ്റ്റാൻഡിലേക്ക് കയറാനാകുന്ന കുടുസ്സുവഴിയിലേക്ക് പ്രവേശിക്കുമ്പോഴും ആകസ്മികമായി ലഭിച്ച ആ ഉത്തരത്തിൽ ചിന്തകൾ ഉറഞ്ഞിരിക്കുന്നുണ്ടായിരുന്നു.

കഠിനാധ്വാനത്തിലൂടെ നേടിയ ഉയർന്ന ഉദ്യോഗം, സമൂഹത്തിലെ മാന്യത, പദവി, സുഖസമൃദ്ധമായ കുടുംബജീവിതം. രണ്ട് ദിനങ്ങൾക്കിടയിൽ തനിക്ക് നഷ്ടപ്പെട്ട യാഥാർഥ്യങ്ങളെ കുറിച്ചുള്ള അയാളുടെ സങ്കടങ്ങൾ ഉറവപൊട്ടി.

സ്‌കൂളിലേക്ക് വരുമ്പോഴാണത് കണ്ടത്; ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഒരു ഡ്രൈവറുമായി വർത്തമാനം പറഞ്ഞ് കൊഞ്ചിക്കുഴയുന്ന തന്റെ ക്ലാസിലെ സെലിനെ. പഠനത്തിൽ ശ്രദ്ധയുള്ളവളാണ്, സർക്കാർ ഉദ്യോഗ ദമ്പതികളുടെ മകളാണ്. സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. കുശലാന്വേഷണങ്ങൾക്കൊടുവിൽ സരളമായി കാര്യമന്വേഷിച്ചു. പ്രണയമെന്നായിരുന്നു മറുപടി. തന്നിലെ അധ്യാപകനുണർന്നു. അപ്പനെയും അമ്മയെയും അറിയിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി വിട്ടതാണ്. പീഡനശ്രമവും സ്ത്രീത്വത്തെ അപമാനിക്കലുമായി തിരിച്ച് കേസ് വന്നു. നോട്ടം കൊണ്ടുപോലും ശകാരിക്കരുതായിരുന്നു എന്നിപ്പോൾ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ.

എന്തുകൊണ്ടാണിത് സംഭവിച്ചത് ? ഇതിന്റെയൊക്കെ മൂലകാരണമെന്താകും? എന്നീ ചോദ്യങ്ങൾ ഉള്ളിൽ കൊടുങ്കാറ്റായി മാറിയിരുന്നു. ഇപ്പോൾ ശാന്തമായ കടൽ പോലെയുണ്ട് മനസ്സ്. ഉത്തരത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു.
പാതിരാമണ്ണ ഗവ. കോളജിലെ വാകപ്പൂക്കൾ കൊഴിഞ്ഞുകിടക്കുന്ന നടപ്പാത കടന്ന് ഓർമകൾ അരയാൽ ചുവട്ടിലേക്ക് നടക്കുകയാണ്. ഔട്ട് ഡോർ ക്ലാസുകളിലൊന്നിൽ എന്റെ തർക്കുത്തരത്തിനും വാക്‌സാമർഥ്യത്തിനും മുന്നിൽ ചൂളി, ജാള്യനായി മടങ്ങിപ്പോകുന്ന മോഹനൻ തമ്പാൻ മാഷിന്റെ മുഖം തെളിഞ്ഞുവരുന്നു. അട്ടഹാസം പോലെ ഉയർന്നുകേട്ട സഹപാഠികളുടെ പരിഹാസച്ചിരിയുടെ അലയൊലികൾ കാതിൽ മുഴങ്ങുന്നു.

മഹായുദ്ധം വിജയിച്ച യോദ്ധാവിനെപ്പോലെ ഞെളിഞ്ഞുനടക്കുമ്പോൾ സങ്കടാശ്രുക്കളെ തമ്പാൻമാഷ് നരച്ച തൂവാല കൊണ്ട് ഒപ്പിയെടുക്കാൻ ശ്രമപ്പെടുന്നത് പിന്നിൽ നിന്നും വ്യക്തമായി കാണാമായിരുന്നു.
ആ ഗുരുവേദനയിൽ പതനത്തിന്റെ പാതയൊരുങ്ങുകയായിരുന്നുവല്ലോ എന്ന അലോചനയിൽ മുങ്ങിപ്പോകവെ, പശ്ചാത്താപത്തിന് പാകമായ മനസ്സുമായി “പാതിരാമണ്ണ, പാതിരാമണ്ണ” എന്ന് ഉച്ചത്തിലുള്ള വിളിക്ക് ഉത്തരം നൽകി അയാൾ ആ ബസിന്റെ പടികളിലേക്ക് ആയാസപ്പെട്ട് കാൽ പൊക്കിവെച്ചു.
.

adilpalode786@gmail.com