പൊന്നാനിയിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു

Posted on: March 3, 2019 10:23 am | Last updated: March 3, 2019 at 10:24 am
പൊന്നാനിയിലെ ജങ്കാര്‍ സര്‍വീസ് സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രി കെ ടി ജലീലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഇരുകരകളിലും ആഘോഷ ആരവങ്ങളുയർത്തി സ്പീക്കറുടെ മണ്ഡലത്തിൽ നിന്നും മന്ത്രിയുടെ മണ്ഡലത്തിലേക്ക് ജങ്കാർ പുറപ്പെട്ടു. കാലങ്ങളായി നിർത്തിവെച്ച ജങ്കാർ സർവീസാണ് പൊന്നാനിയിൽ പുനരാരംഭിച്ചത്.

പൊന്നാനി നഗരസഭയുടെ മേൽനോട്ടത്തിൽ കൊച്ചിൻ സർവീസിന്റെ പുതിയ ജങ്കാറാണ് പൊന്നാനി പടിഞ്ഞാറേക്കര റൂട്ടിൽ വീണ്ടും സർവീസ് നടത്തുന്നത്. കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എന്നിവർ സംയുക്തമായി ആദ്യയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. 2013 ലാണ് പൊന്നാനിയിലെ ജങ്കാർ സർവീസ് നിർത്തിവെച്ചത്.

പൊന്നാനി നഗരസഭയുടെ നിരന്തര ശ്രമഫലമായാണ് സർവീസ് പുനരാരംഭിച്ചത്. പുതിയ ജങ്കാറിൽ 50 യാത്രക്കാർക്കും 12 കാറുകൾക്കും ഒരേ സമയം യാത്ര ചെയ്യാം. രാവിലെ എഴു മണി മുതൽ വൈകീട്ട് ഏഴു വരെയാണ് സർവീസ്. പടിഞ്ഞാറേക്കരയിൽ നിന്ന് പൊന്നാനിയിലേക്കും, തിരിച്ചും ഓരോ മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത്. വിദ്യാർഥികൾക്ക് യാത്രാനിരക്കിൽ 50ശതമാനം ഇളവ് നൽകുന്നുണ്ട്. തുറമുഖ വകുപ്പിന്റെ സ്ഥലത്ത് അഞ്ച് ലക്ഷം രൂപ ചെലവിൽ നഗരസഭ ജങ്കാർ ജെട്ടി നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. കാത്തിരുപ്പ് കേന്ദ്രം, അപ്രോച്ച് റോഡ്, ടിക്കറ്റ് കൗണ്ടർ എന്നിവയും ഇവിടെ ഒരുങ്ങുകയാണ്. ജങ്കാറിന്റെ ആദ്യ യാത്രയിൽ പൊന്നാനി നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ ഒ ശംസു, റീന പ്രകാശ്, അശ്‌റഫ് പറമ്പിൽ, കൗൺസിലർമാർ, മുൻ ചെയർമാൻ എം എം നാരായണൻ, എ കെ ജബ്ബാർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംബന്ധിച്ചു.