ലീഗിന് മൂന്നാം സീറ്റ് ലഭിക്കില്ല; പകരം മൂന്നിന ബദൽ ഫോർമുല

Posted on: March 2, 2019 9:50 am | Last updated: March 2, 2019 at 1:08 pm

കോഴിക്കോട്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കില്ല. ഇന്നലെ യു ഡി എഫ് കൺവീനർ ബെന്നി ബെഹന്നാന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റേയും മുസ്‌ലിം ലീഗിന്റേയും ഉന്നത നേതാക്കൾ തമ്മിൽ കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റുകൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നൽകിയാൽ കേരളാ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിലപാടും അത് മുന്നണിയിലുണ്ടാക്കുന്ന പ്രയാസങ്ങളും സംബന്ധിച്ച് ലീഗ് നേതാക്കളെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് ധരിപ്പിച്ചത്.

എന്നാൽ, മൂന്നാം സീറ്റിന് പരിഹാരമായി മൂന്ന് ബദൽ നിർദേശങ്ങൾ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇവ അടുത്ത ആറാം തീയതി പാണക്കാട്ട് ചേരുന്ന മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ച ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എം കെ മുനീർ, പി വി അബ്ദുൽ വഹാബ് എന്നിവരായിരുന്നു ലീഗിന്റെ പക്ഷത്ത് നിന്ന് ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തത്.

അതേസമയം, മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്നും ഈയാവശ്യം നേടിയെടുക്കാൻ ലീഗ് നേതൃത്വം വേണ്ടത്ര മിടുക്ക് കാണിക്കുന്നില്ലായെന്നുമുള്ള പരാതി യൂത്ത് ലീഗിൽ നിന്നും ചില സാമുദായിക കക്ഷികളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യു ഡി എഫിൽ ലീഗിന് മൂന്നാം സീറ്റ് ലഭിക്കില്ലെന്ന് നന്നായി ബോധ്യമുള്ള ലീഗ് നേതാക്കൾ യൂത്ത് ലീഗിന്റേയും സാമുദായിക കക്ഷികളുടെയും വാദത്തിന്റെ മുനയൊടിക്കാനുള്ള തന്ത്രമായാണ് ഇന്നലത്തേതടക്കമുള്ള ചർച്ചകൾ സംഘടിപ്പിച്ചത്. അവസാനഘട്ടം വരെ മൂന്നാം സീറ്റിനു വേണ്ടി തങ്ങൾ കോൺഗ്രസിനോട് വിലപേശിയെന്ന് വരുത്തിത്തീർക്കുക കൂടിയായിരുന്നുവത്രെ ലക്ഷ്യം. ഇതിനെല്ലാം പുറമെ, വിലപേശലിൽ യു ഡി എഫിൽ നിന്ന് സീറ്റ് കിട്ടിയില്ലെങ്കിലും അതിന്റെ പേരിൽ മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചാൽ അതും ലാഭകരമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം.

മൂന്നാം സീറ്റ് എന്ന ആവശ്യത്തിലുപരി ഇരുവിഭാഗവും തമ്മിൽ ഉരുത്തിരിഞ്ഞ ബദൽ നിർദേശങ്ങൾ മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിൽ അംഗീകരിക്കപ്പെടുകയെന്നതിനാണ് ഇനി പ്രാധാന്യം. ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജന കാര്യത്തിന്റെ പേരിൽ ഇനി ഉഭയകക്ഷി ചർച്ചയില്ലെന്നാണ് ചർച്ചക്ക് ശേഷം പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ, പാണക്കാട്ടെ യോഗത്തിന് ശേഷം ആവശ്യമെങ്കിൽ ഇനിയും ചർച്ച വേണ്ടിവരുമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഇരുവിഭാഗവും തമ്മിൽ നടന്ന ചർച്ചയിലെ ധാരണകൾ പാണക്കാട്ടെ യോഗത്തിൽ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ അത് മൂന്നാം സീറ്റ് വേണമെന്ന രൂപത്തിലാവും ലീഗ് പ്രകടിപ്പിക്കുകയെന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, യു ഡി എഫിന്റെ സീറ്റ് വിഭജന ചർച്ച ആറിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്‌ലിംലീഗുമായുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധമായി കോഴിക്കോട് നടത്തിയ ഉഭയകക്ഷി ചർച്ചക്കു ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് സംബന്ധിച്ച തീരുമാനം പൂർണമായിട്ടില്ലെന്നും ലീഗുമായി ഇക്കാര്യത്തിൽ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പത് കൊല്ലമായി ഒന്നിച്ച് പ്രവർത്തിച്ചു വരുന്ന ഘടകകക്ഷികളാണ് കോൺഗ്രസും ലീഗുമെന്നും ഈ ബന്ധത്തിന് ഒരു കോട്ടവും തട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കാസർകോട്ടെ പെരിയ കൊലപാതക കേസിൽ സി പി എമ്മുകാരെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും ട്രഷറിയിലെത്തുന്ന പല ബില്ലുകളും പാസാകാതെ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.