Connect with us

National

അഭിനന്ദനനെ ഇന്ത്യക്കു കൈമാറി; വീരപുത്രനെ വീരോചിതം വരവേറ്റ് രാജ്യം

Published

|

Last Updated

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനിനെ ഇന്ത്യക്കു കൈമാറി. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് രാജ്യത്തിന്റെ വീരപുത്രന്‍ വാഗാ അതിര്‍ത്തിയിലെത്തിയത്. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ ഇന്ത്യയിലെത്തിച്ച അഭിനന്ദനനെ ബി എസ് എഫ് ഏറ്റുവാങ്ങി. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

വ്യോമാക്രമണത്തിനിടയില്‍ പരുക്കേറ്റ വിംഗ് കമാന്‍ഡറെ റെഡ്‌ക്രോസിന്റെ ദീര്‍ഘസമയം നീണ്ട മെഡിക്കല്‍ പരിശോധനകള്‍ക്കും മറ്റു നിരവധി നടപടി
ക്രമങ്ങള്‍ക്കും ശേഷമാണ് ഇന്ത്യക്കു കൈമാറിയത്.

അഭിനന്ദനനെ ഉച്ചക്കു രണ്ടോടെ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടതിനാല്‍ കൈമാറ്റവും വൈകി. രാജ്യത്തിനു വേണ്ടി ധീരോദാത്തം പോരാടി വീരപുരുഷനായി മാറിയ വ്യോമ സേനാനിയെ സ്വീകരിക്കാന്‍ വ്യോമ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും മാതാപിതാക്കളും വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാരും ജയ് വിളികളുമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ തടിച്ചുകൂടി.

അഭിനന്ദനനെ കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ ഇത് നിഷേധിക്കുകയായിരുന്നു. ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്കുള്ള പാതയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉന്നതോദ്യോഗസ്ഥരും അഭിനന്ദനനെ അനുഗമിച്ചു.