Connect with us

Malappuram

ഹെല്‍മെറ്റ് ബോധവത്കരണം; മഹല്ല് സെക്രട്ടറിയെ അഭിനന്ദിക്കാന്‍ അധികൃതരെത്തി

Published

|

Last Updated

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റ മയ്യിത്ത്‌ നിസ്‌കാരത്തിന് മുമ്പ് പള്ളിയില്‍ ബോധവത്കരണം നടത്തിയ മഹല്ല് സെക്രട്ടറിയെ അഭിനന്ദിക്കാന്‍ മോട്ടോര്‍ വാഹന വിഭാഗം ഉദ്യോഗസ്ഥരെത്തി.

കക്കാട് ജുമുഅത്ത് പള്ളി സെക്രട്ടറി കൂരിയാടന്‍ മരക്കാരുകുട്ടി മാസ്റ്ററുടെ വീട്ടിലാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അഭിനന്ദിച്ചത്. തിരൂരങ്ങാടി ജോ.ആര്‍ ടി ഒ ഓഫീസിലെ എ എം. വി ഐ മാരായ അബ്ദുല്‍ കരീം ചാലില്‍, ടി പി സുരേഷ് ബാബു എന്നിവരാണ് വീട്ടിലെത്തി അഭിനന്ദനമറിയിച്ചത്. കക്കാട്, കരുമ്പില്‍, കാച്ചടി പ്രദേശത്ത് ഈയിടെ നടന്ന ബൈക് അപകടങ്ങള്‍ മൂലം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുക യും അപകടത്തിന്റെ പശ്ചാത്തലത്തില്‍ കക്കാട് പ്രദേശത്ത് തുടര്‍ച്ചയായി മരണവും സംഭവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മയ്യിത്ത് നിസ്‌കരിക്കാനെത്തിയവരോട് മഹല്ല് സെക്രട്ടറി ബൈക്കില്‍ പോകുന്ന എല്ലാവരോടും ഹെല്‍മറ്റ് ധരിക്കണമെന്നും മക്കള്‍ ഹെല്‍മറ്റ് ധരിച്ചുവെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ആഹ്വാനം ചെയ്തത്.

ഇതേക്കുറിച്ച് ഇന്നലെ സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഉദ്യാഗസ്ഥര്‍ കക്കാട് എത്തുകയായിരുന്നു. മഹല്ല് സെക്രട്ടറിയുടെ ബോധവത്കരണം സംസ്ഥാനത്തിന് മാതൃകയാണെന്നും എല്ലാ ആരാധനാലയ കേന്ദ്രങ്ങളിലും ഇതുപോലെ ബോധവത്കരണം നടത്തിയാല്‍ അപകടം കുറക്കാന്‍ കഴിയുമെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest