ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

Posted on: February 28, 2019 12:43 pm | Last updated: February 28, 2019 at 8:20 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പാക് അധീന കശ്മീരിലാണ് വിമാനം തകര്‍ന്ന് വീണത്. പാക്കിസ്ഥാന്‍ സൈന്യത്തിലെ 7 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങള്‍ പരിശോധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്നലെയാണ് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ ഇന്ത്യ വെടിവെച്ചു വീഴ്ത്തിയത്. അമേരിക്ക നല്‍കിയ എഫ് 16 ഇനത്തില്‍പ്പെട്ട മൂന്ന് വിമാനങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തി കടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രതിരോധത്തില്‍ പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ അവരുടെ ഒരു വിമാനം തകര്‍ന്നുവീഴുന്നതായി കണ്ടെതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പാക് വിമാനങ്ങളെ അതിര്‍ത്തിയില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നിരുന്നു. രക്ഷപ്പെട്ട പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലെടുത്തിരുന്നു.