ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍: ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സഊദി

ഭീകര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് ജപ്പാന്‍, ഭീകരര്‍ക്ക് നല്‍കുന്ന എല്ലാ സഹായങ്ങളും പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന് അമേരിക്ക
Posted on: February 28, 2019 11:49 am | Last updated: February 28, 2019 at 1:55 pm

റിയാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് പാക്കിസ്ഥാനോട് സഊദി അറേബ്യ ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു. ഭീകര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു.

അതേസമയം, ഭീകരര്‍ക്ക് നല്‍കുന്ന എല്ലാ സഹായങ്ങളും പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന് അമേരിക്ക വീണ്ടും അവശ്യപ്പെട്ടു. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നുവെന്നും അതിര്‍ത്തികടന്നുള്ള സൈനിക നീക്കം പാടില്ലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ അമേരിക്ക പിന്തുണച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍വിളിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയാണ് പിന്തുണ അറിയിച്ചത്.

അബുദാബിയില്‍ നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് യുഎഇയിലേക്ക് തിരിക്കും. എഒസി സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.