യാമ്പു പുഷ്‌പോത്സവത്തിന് നാളെ തുടക്കം

Posted on: February 27, 2019 1:30 pm | Last updated: February 27, 2019 at 1:30 pm

യാമ്പു: രണ്ട് തവണ ഗിന്നസ് ബുക്കില്‍ ഇടം നേടിയ യാമ്പു പുഷ്‌പോത്സവം ഇത്തവണയും പുതുമയോടെ പ്രദര്‍ശനത്തിനൊരുങ്ങുന്നു. പതിമൂന്നാമത് പുഷ്‌പോത്സവം നാളെ വൈകീട്ട് നാല് മണിക്ക് ഉത്ഘാടനം ചെയ്യും. യാമ്പു റോയല്‍ കമ്മീഷന്‍ മേധാവികളും വിവിധ വകുപ്പ് മേധാവികളും നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കും. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കുട്ടികളുടെ പാര്‍ക്കുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, റീ സൈക്കിള്‍ ഗാര്‍ഡന്‍, സ്‌ട്രോബെറി പാര്‍ക്ക്, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പ്രത്യക വിഭാഗം, പ്രത്യേക കൃഷി രീതികളെ പരിചയപ്പെടുത്തുന്ന വിഭാഗങ്ങള്‍, എന്നിവ ഒരുക്കിയിരിക്കുന്നു. പൂ ചെടികളും മറ്റു തൈകളും വിത്തുകളും വില്‍പ്പനക്കായി പ്രത്യേകം നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

ലേസര്‍ വിളക്കുകളും അനുബന്ധ സംവിധാനങ്ങളും രാത്രി കാഴ്ചകളെ അതിശയിപ്പിക്കും രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായി ആസ്വദിക്കാം.