പുൽവാമക്ക് ബലാക്കോട്ടിൽ മറുപടി നല്‍കുമ്പോള്‍

രാജ്യത്തിന്റെ അഭിമാനം കാത്ത സൈനികരെ അഭിനന്ദിച്ച് ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ രംഗത്തുവരുന്ന കാഴ്ചയും കണ്ടു. ജീവൻ പണയപ്പെടുത്തി സൈനികർ നടത്തുന്ന ശ്രമങ്ങളെ ആ നിലക്ക് അഭിനന്ദിക്കാതിരിക്കാൻ വയ്യ. പക്ഷേ, അവരുടെ പ്രവൃത്തി രാജ്യത്തിന് വേണ്ടിയാണ്. അതിലേക്ക് അവരെ നിയോഗിക്കുന്നത് അതാതുകാലത്ത് ഭരണത്തിന് നേതൃത്വം നൽകുന്നവരായിരിക്കും. അങ്ങനെയായതുകൊണ്ട് ഭരണ നേതൃത്വത്തിന്റെ ഇംഗിതമനുഷ്ഠിക്കലല്ല നടക്കുന്നത്, രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളെ ഇല്ലാതാക്കുക എന്ന സാഹസികമായ യത്‌നമാണ്. അതിനെ ആ നിലക്ക് കാണാൻ സാധിക്കാതിരിക്കുകയും പൂർണമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പ് വീരവാദങ്ങളുയർത്തുകയും ചെയ്യുന്ന നേതൃത്വം സൈനികരുടെ സാഹസികതയെ, അവരുടെ അർപ്പണ മനോഭാവത്തെ സ്വന്തം താത്പര്യങ്ങളിലേക്ക് ചുരുക്കുകയാണെന്ന് പറയാതെ വയ്യ.
Posted on: February 27, 2019 10:28 am | Last updated: February 27, 2019 at 10:28 am

ജമ്മു കശ്മീരിലെ പുൽവാമയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ 40 പേരുടെ ജീവനെടുത്ത ചാവേർ ആക്രമണത്തിന് രാജ്യത്തിന്റെ തിരിച്ചടി എന്ന നിലക്കാണ് പാക് അധിനിവിഷ്ട കശ്മീരിലെ ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ ആക്രമണം. പുൽവാമയിൽ നടന്ന ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയാണെന്ന് സൈന്യവും ഭരണ നേതൃത്വവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ സംഘടനയുടെ പരിശീലന കേന്ദ്രങ്ങളായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞ പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. പാക് അധീന കശ്മീരിലെ ചകോതി, മുസഫറാബാദ്, ബലാക്കോട്ട് എന്നിവിടങ്ങളിൽ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ബാലക്കോട്ടിലെ ആക്രമണമാണ് വിദേശകാര്യ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചത്. ജയ്‌ഷെ മുഹമ്മദിന്റെ നേതാവ് മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻമാരെയും ഭാര്യാ സഹോദരനെയുമാണ് ഇവിടുത്തെ ആക്രമണത്തിൽ പ്രധാനമായും ലക്ഷ്യമിട്ടത്. മസുദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ യൂസുഫ് അസ്ഹർ, ജയ്‌ഷെ മുഹമ്മദിന്റെ നേതാക്കളിൽ പ്രധാനിയാണെന്നും ബലാക്കോട്ടിലെ പരിശീലന കേന്ദ്രം അയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്നുമാണ് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് വിദേശകാര്യ സെക്രട്ടറി നൽകുന്ന വിവരം.

40 ജവാൻമാരുടെ ജീവനെടുത്ത പുൽവാമയിലെ ആക്രമണം, ജനങ്ങളുടെ വലിയ രോഷത്തിന് കാരണമായിരുന്നു. ആ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം വലിയ തോതിൽ ഉയരുകയും ചെയ്തു. ആ ആവശ്യത്തോട് രാജ്യം നടത്തിയ പ്രതികരണമായി വേണം നിയന്ത്രണ രേഖ കടന്ന്, വ്യോമസേന നടത്തിയ ആക്രമണത്തെ കാണാൻ. അതുവഴി ഭീകരവാദികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് രാജ്യത്തിന്റേത് എന്ന് പൗരൻമാരെ ബോധ്യപ്പെടുത്താൻ സാധിച്ചേക്കും. ഇന്ത്യൻ മണ്ണിൽ ആക്രമണം നടത്താൻ ഇനിയും ശ്രമിച്ചാൽ കൂടുതൽ ഗുരുതരമായ നടപടികൾക്ക് മടിക്കില്ലെന്ന സന്ദേശം, ജയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകൾക്കും അവരുടെ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കിക്കൊടുക്കുന്ന പാക്കിസ്ഥാനിലെ പട്ടാള – രാഷ്ട്രീയ – ഭരണ നേതൃത്വങ്ങൾക്കും നൽകുക കൂടിയാണ് ഇതിലൂടെ.

നിയന്ത്രണരേഖ കടന്ന് വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് ഇരുപക്ഷത്തിന്റെയും വിശദീകരണങ്ങളുണ്ടാകുക സ്വാഭാവികം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട്, ഭികരവാദികളുടെ പരിശീലനകേന്ദ്രത്തെ കൃത്യമായി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ജയ്‌ഷെ മുഹമ്മദിന്റെ സ്വയം പ്രഖ്യാപിത കമാൻഡർമാരടക്കം മുന്നൂറോളം ഭീകരവാദികളെ വധിച്ചുവെന്നാണ് വ്യോമസേന അവകാശപ്പെടുന്നത്. ആക്രമണത്തിൽ ലക്ഷ്യമിട്ട പ്രധാനികളെ ഇല്ലാതാക്കാൻ സാധിച്ചോ എന്നതിൽ വ്യക്തതയില്ല. ഇന്ത്യയുടെ പോർ വിമാനങ്ങൾ നിയന്ത്രണരേഖ കടന്ന് വന്നുവെന്നും തങ്ങളുടെ വ്യോമസേനയുടെ സമയോചിത ഇടപെടലിനെത്തുടർന്ന് തിരികെപ്പറന്നുവെന്നും അതിനിടയിൽ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് ബോംബിട്ടുവെന്നുമാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം. ആൾനാശമുണ്ടായിട്ടില്ലെന്നും വസ്തുവകകൾക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും അവർ പറയുന്നു.

ഇന്ത്യൻ വ്യോമസേനയുടെ നടപടി, അത്രമേൽ ഗൗരവത്തിലെടുക്കേണ്ട ഒന്നായി പാക്കിസ്ഥാൻ തത്കാലം കാണുന്നില്ലെന്നതിന് തെളിവാണ് ഈ പ്രതികരണം.
തിരിച്ചടിക്കാനോ അതുവഴി യുദ്ധാന്തരീക്ഷത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാനോ പാക്കിസ്ഥാൻ ഒരുങ്ങില്ലെന്ന് വേണം കരുതാൻ. ഇതുവരെ നടത്തിയ യുദ്ധങ്ങളിലെല്ലാം ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഓർമ അവിടത്തെ നേതൃത്വത്തിന് ഉണ്ടാകാതിരിക്കില്ല. ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തെ രാജ്യത്തിന് നേരെയുള്ള ആക്രമണമായി കരുതി മുന്നോട്ടുപോകാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടാനേ കാരണമാകൂവെന്ന് പാക്കിസ്ഥാൻ തിരിച്ചറിയുന്നുണ്ട്. ഇന്ത്യക്കുണ്ടായ വേദന ചൂണ്ടിക്കാട്ടി, അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശമായിരുന്നു. ചൈനയുടെ പിന്തുണയോ റഷ്യയുടെ സൗഹൃദമോ കണ്ട്, യുദ്ധത്തിന് പുറപ്പെടാനുള്ള വിഡ്ഢിത്തം ആ രാജ്യം കാണിക്കാനിടയില്ല. പുൽവാമയിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ആക്രമണത്തിൽ പങ്കുള്ള ഭീകരവാദ സംഘടനകളെയൊന്നും തങ്ങൾ പിന്തുണക്കുന്നില്ലെന്നും അതിന്റെ പേരിൽ ഇന്ത്യയിൽ നിന്നുണ്ടായ പ്രത്യാക്രമണത്തെ സഹിഷ്ണുതയോടെ സമീപിക്കുകയാണ് ചെയ്തതെന്നും അന്താരാഷ്ട്ര വേദികളിൽ വാദിക്കാനാകും പാക്കിസ്ഥാൻ ശ്രമിക്കുക. അതുകൊണ്ടു തന്നെ നിയന്ത്രണ രേഖ കടന്നുള്ള നടപടി വലിയൊരു സംഘർഷത്തിലേക്ക് വളരാനുള്ള സാധ്യത കുറവ്. അങ്ങനെയൊന്നുണ്ടാകുമെന്ന് ഇന്ത്യൻ സൈന്യവും പ്രതീക്ഷിക്കുന്നില്ല.

2016ൽ ഉറിയിൽ സൈനിക ക്യാമ്പ് ആക്രമിച്ച് 16 സൈനികരെ ഭീകരർ വധിച്ചതിന് ശേഷവും നിയന്ത്രണ രേഖ കടന്നുള്ള നടപടിക്ക് ഇന്ത്യ തയ്യാറായിരുന്നു. മുമ്പ് പലപ്പോഴും നടത്തിയിട്ടുള്ളതുപോലെ, തിരഞ്ഞെടുത്ത കമാൻഡോകളെ നിയന്ത്രണ രേഖക്ക് അപ്പുറത്തേക്ക് നിയോഗിച്ച് ഭീകരവാദികളുടെ കേന്ദ്രങ്ങളെ തകർക്കുക എന്നതായിരുന്നു 2016ലെ ഉദ്ദേശ്യം. ഭീകരവാദ കേന്ദ്രങ്ങൾ തകർത്തുവെന്ന് അന്ന് ഇന്ത്യൻ സൈന്യം അവകാശപ്പെട്ടപ്പോൾ, ആരുടെയും ജീവനെടുക്കാൻ പാകത്തിലുള്ള ആക്രമണമൊന്നും നടന്നിട്ടില്ലെന്നാണ് പാക്കിസ്ഥാൻ വാദിച്ചത്. എന്തായാലും എതിരാളികൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയെന്നും ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരവാദികൾക്ക് വലിയ തിരിച്ചടി നൽകിയെന്നും അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മോദി സർക്കാറിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി ആ മിന്നലാക്രമണം പിന്നീട് പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

എന്നാൽ, അതിന് ശേഷവും തീവ്രമായ ആക്രമണങ്ങൾ കശ്മീരിൽ തുടർന്നിരുന്നു. പുൽവാമയോളം ഭീകരമായ ഒന്ന് ഉണ്ടായപ്പോൾ മാത്രമാണ് രാജ്യമാകെ ശ്രദ്ധിക്കും വിധത്തിലേക്കും വീണ്ടുമൊരു പ്രത്യാക്രമണം നടത്തേണ്ട അവസ്ഥയിലേക്കും കാര്യങ്ങളെത്തിയത്. കൊടിയ ആക്രമണങ്ങളുണ്ടാകുമ്പോൾ രാജ്യത്തുയരുന്ന രോഷം ഒഴുകിപ്പോകാനുള്ള മാർഗം മാത്രമായേ മിന്നലാക്രമണങ്ങൾ മാറുന്നുള്ളൂവെന്ന് ചുരുക്കം. അതിനപ്പുറത്ത് ഭീകരരെ ഇല്ലാതാക്കാനോ അവരുടെ പ്രവർത്തനങ്ങൾക്ക് സ്വന്തം മണ്ണ് വിട്ടുകൊടുക്കുന്നതിൽ നിന്ന് പാക്കിസ്ഥാനെ തടയാനോ അത്തരത്തിൽ പ്രവർത്തിക്കാൻ പാകത്തിലുള്ള സമ്മർദം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് പാക്കിസ്ഥാനു മേൽ ഉണ്ടാകാനോ മിന്നലാക്രമണങ്ങൾ കാരണമാകുന്നില്ല. വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന തത്കാലലാഭത്തിന് അപ്പുറത്തൊന്നുമുണ്ടാകുന്നില്ലെന്ന് ചുരുക്കം. ആ അന്തരീക്ഷ സൃഷ്ടി, രാഷ്ട്രീയമായ മുതലെടുപ്പിനുള്ള ഉപാധി മാത്രമേ ആകുന്നുള്ളൂവെന്നതാണ് വസ്തുത. രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ച്, അത് ഇല്ലാതാക്കാൻ അതിർത്തിക്കപ്പുറത്തു നിന്നുണ്ടാകുന്ന ആസൂത്രിതമായ ശ്രമങ്ങളെക്കുറിച്ച്, അതിനെ നേരിടാൻ കരുത്തുള്ള ഭരണകൂടം സ്വീകരിച്ച നടപടിയെക്കുറിച്ച് ഒക്കെയുള്ള വിവരണങ്ങൾ പലപ്പോഴും രാഷ്ട്രീയമായ മുതലെടുപ്പിനെ മറച്ചുപിടിക്കുകയും ചെയ്യുന്നു.

ബലാക്കോട്ടിലെ നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ജനമറിയുന്നത് രാജസ്ഥാനിലെ ചുരുവിൽ ബി ജെ പിയുടെ പ്രചാരണ റാലിയിലെ പ്രസംഗത്തിൽ നിന്നാണ്. അവിടെ അദ്ദേഹം പറയുന്നു – ”രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. രാജ്യം തലകുനിക്കാൻ ഞാൻ അനുവദിക്കില്ല. ഒന്നും രാജ്യത്തിന് മുകളിലല്ല. ഇന്ത്യയുടെ ധീരൻമാർക്ക് ആദരമർപ്പിക്കുന്ന ദിവസമാണിന്ന്”. ഇത്രയും പറയുന്ന പ്രധാനമന്ത്രി 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് താൻ നൽകിയ വാഗ്ദാനങ്ങൾ ഓർമിപ്പിക്കുന്നു. 2014ൽ തനിക്ക് നൽകിയ പിന്തുണ ഇനിയും നൽകണമെന്ന് അഭ്യർഥിക്കുന്നു. മിന്നലാക്രമണത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, സംക്ഷിപ്തമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അനുവദിച്ചതുമില്ല. വ്യോമസേന ആക്രമണം നടത്തിയിട്ട് അധികസമയമായിട്ടില്ല അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ കിട്ടാനിരിക്കുന്നതേയുള്ളൂവെന്നാണ് വിദേശകാര്യ സെക്രട്ടറി പറഞ്ഞവസാനിപ്പിക്കുന്നത്. രാജ്യത്തിന്റെ അഭിമാനം കാത്ത സൈനികരെ അഭിനന്ദിച്ച് ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ രംഗത്തുവരുന്ന കാഴ്ചയും കണ്ടു. ജീവൻ പണയപ്പെടുത്തി സൈനികർ നടത്തുന്ന ശ്രമങ്ങളെ ആ നിലക്ക് അഭിനന്ദിക്കാതിരിക്കാൻ വയ്യ. പക്ഷേ, അവരുടെ പ്രവൃത്തി രാജ്യത്തിന് വേണ്ടിയാണ്. അതിലേക്ക് അവരെ നിയോഗിക്കുന്നത് അതാതുകാലത്ത് ഭരണത്തിന് നേതൃത്വം നൽകുന്നവരായിരിക്കും. അങ്ങനെയായതുകൊണ്ട് ഭരണ നേതൃത്വത്തിന്റെ ഇംഗിതമനുഷ്ഠിക്കലല്ല നടക്കുന്നത്, രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളെ ഇല്ലാതാക്കുക എന്ന സാഹസികമായ യത്‌നമാണ്.

അതിനെ ആ നിലക്ക് കാണാൻ സാധിക്കാതിരിക്കുകയും പൂർണമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പ് വീരവാദങ്ങളുയർത്തുകയും ചെയ്യുന്ന നേതൃത്വം സൈനികരുടെ സാഹസികതയെ, അവരുടെ അർപ്പണ മനോഭാവത്തെ സ്വന്തം താത്പര്യങ്ങളിലേക്ക് ചുരുക്കുകയാണെന്ന് പറയാതെ വയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി “ഞാൻ’ എന്ന ഏകവചനത്തിലേക്ക് മിന്നലാക്രമണത്തെ ബന്ധിപ്പിക്കുമ്പോൾ സംഭവിക്കുന്നത് അതാണ്. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളെല്ലാം ഏതാണ്ട് ഏകവചനത്തിലായിരുന്നു. ‘ഞാൻ’ അഴിമതിയില്ലാതാക്കും, “ഞാൻ’ തൊഴിലവസരം ഉറപ്പാക്കും “ഞാൻ’ കാർഷിക മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കും എന്നിത്യാദി വാക്യങ്ങൾ ധാരാളമായുണ്ടായിരുന്നു. ഭരണം അഞ്ചാണ്ട് പിന്നിടാറായപ്പോഴേക്കും “ഞാൻ’ പിന്നാക്കം പോയിരുന്നു.
ഇപ്പോൾ അത് തിരിച്ചെത്തുകയാണ്. ‘രാജ്യത്തിന്റെ തലകുനിയാൻ ഞാൻ അനുവദിക്കില്ലെ’ന്ന് ബലാക്കോട്ടിലെ പ്രത്യാക്രമണത്തിന് മണിക്കൂറുകൾക്കു ശേഷം അദ്ദേഹം പറയുമ്പോൾ, അതിന്റെ തുടർച്ചയായി 2014ൽ നൽകിയ പിന്തുണ ഇനിയും നൽകണമെന്ന് അഭ്യർഥിക്കുമ്പോൾ ഉറിക്കു ശേഷമുണ്ടായ മിന്നലാക്രമണം ഏതുവിധത്തിലാണോ നേട്ടമായി പ്രചരിപ്പിച്ചത്, അതിനേക്കാൾ തീവ്രതയോടെ ബലാക്കോട്ട് പ്രചരിപ്പിക്കപ്പെടുമെന്നാണ് അർഥം.

രാജീവ് ശങ്കരന്‍