Connect with us

National

ഇന്ത്യക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയൊ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയോടും പാക്കിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപെയൊ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനേയും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയേയും ഫോണില്‍ വിൡച്ചാണ് പോംപെയൊ ഇക്കാര്യം പറഞ്ഞത്. മേഖലയില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് വിദേശകാര്യ സെക്രട്ടറി ഓര്‍മിപ്പിച്ചു.

അതേസമയം, ബലാകോട്ടില്‍ ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഗ്രാമീണരെ മറയാക്കിയ പാക് സൈന്യം മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക് സൈനികര്‍ക്കും പരുക്കേറ്റു.

ഷോപ്പിയാനില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അര്‍ധ സൈനിക വിഭാഗവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരരെ തുരത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് ഇവിടെ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

Latest